ഗാസ: അര്‍ജന്റീനയും ലയണല്‍ മെസ്സിയും ഇസ്രായേലിനെതിരായ സൗഹൃദ മത്സരം ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് പലസ്തീന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് ഖലീല്‍. ഇസ്രായേലിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ ഒമ്പതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. പലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഖലീല്‍ ഇങ്ങനെയൊരു അഭ്യര്‍ഥന മുന്നോട്ടുവെച്ചത്. 

ഒരു സൗഹൃദവുമില്ലാത്തവരാണ് ഇസ്രായേലുകാര്‍. അങ്ങനെയൊരു രാജ്യവുമായി എന്തിന് സൗഹൃദ ഫുട്‌ബോള്‍ കളിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഖലീല്‍ ചോദിക്കുന്നു. ഗാസയില്‍ നിന്നുള്ള ഖലീലിന്റെ ഫുട്‌ബോള്‍ കരിയര്‍ നശിപ്പിച്ചത് ഇസ്രായേലി സൈനികരാണ്. കാല്‍മുട്ടിന് വെടിയേറ്റ ഖലീലിന് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല. മൂന്നു മില്ല്യണ്‍ ഡോളര്‍ ചിലവാക്കിയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ മത്സരം സഘടിപ്പിക്കുന്നത്. 

തിങ്കളാഴ്ച്ച ജറൂസലേമില്‍ യു.എസ് എംബസിക്കെതിരേ പ്രതിഷേധിച്ച പലസ്തീനുകാര്‍കാര്‍ക്ക് നേരെ ഇസ്രായേലി സുരക്ഷാ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1300-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു  ജറുസലേമില്‍ യു.എസ് എംബസി തുറന്നത്. 

എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമരക്കാര്‍ മാര്‍ച്ച് 30 മുതല്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇവരുടെ പ്രതിഷേധം അവഗണിച്ചായിരുന്നു എംബസി തുറക്കല്‍. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. യു.എസ് നീക്കം ലോക നേതാക്കളില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാന്‍ ആണ് എംബസി ഉദ്ഘാടനം ചെയ്തത്. യുഎസില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേല്‍ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

Content Highlights: Argentina and Lionel Messi There is NothingFriendly About Israel Shooting Palestinian Footballers