ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി അര്‍ജന്റീനയും ബ്രസീലും. അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചപ്പോള്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പെറുവിനെതിരേ ജയിച്ചുകയറിയത്. ഇതോടെ രണ്ടു കളികളില്‍ നിന്നും രണ്ടു വിജയങ്ങളുമായി ഇരുടീമുകളും പോയന്റ് പട്ടികയില്‍ മുന്നിലെത്തി. ഗോള്‍ വ്യത്യാസത്തില്‍ ബ്രസീലാണ് പട്ടികയില്‍ ഒന്നാമത്.
പിന്നില്‍ നിന്നും തിരിച്ചടിച്ചാണ് അര്‍ജന്റീന ബൊളീവിയയ്‌ക്കെതിരെ വിജയം സ്വന്തമാക്കിയത്. 24-ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സ് മോറെന്‍കോയിലൂടെ ബൊളീവിയയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലൗട്ടാറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ജോവാക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന വിജയഗോള്‍ കണ്ടെത്തി. സൂപ്പര്‍താരം മെസ്സി കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
നെയ്മറുടെ ഹാട്രിക്ക് മികവിലാണ് ബ്രസീല്‍ പെറുവിനെ തകര്‍ത്തത്. രണ്ടുതവണ പിന്നില്‍ നിന്നതിനുശേഷം ശക്തമായി കളിയിലേക്ക് തിരിച്ചുവരികയായിരുന്നു ബ്രസീല്‍. ആന്ദ്രെ കറില്ലോയിലൂടെ ആറാം മിനിറ്റില്‍ പെറു മുന്നില്‍ കയറി. പിന്നാലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനെ ഒപ്പമെത്തിച്ചു. 59-ാം മിനിറ്റിലൂടെ വീണ്ടും പെറു മുന്നിലെത്തി. റെനാറ്റോ ടാപ്പിയയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. എന്നാല്‍ 64-ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോളിലൂടെ വീണ്ടും ബ്രസീല്‍ ഒപ്പമെത്തി.
പിന്നീട് മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെച്ചത്. 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും നെയ്മര്‍ ബ്രസീലിനായി ഗോള്‍ കണ്ടെത്തി. കളിയവസാനിക്കാന്‍ സെക്കൻഡുകൾ ബാക്കിനില്‍ക്കെ സൂപ്പര്‍താരം ബ്രസീലിനായി നാലാം ഗോളും തന്റെ ഹാട്രിക്കും കണ്ടെത്തി. പെറുവിലെ രണ്ട് താരങ്ങള്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായി.
മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ അട്ടിമറിയിലൂടെ യുറുഗ്വായെ പരാജയപ്പെടുത്തി. 4-2 നാണ് ഇക്വഡോറിന്റെ വിജയം. മറ്റ് യോഗ്യതാമത്സരങ്ങളില്‍ പാരഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് വെനസ്വെലയെ തോല്‍പ്പിച്ചപ്പോള്‍ ശക്തരായ ചിലിയും കൊളംബിയയും സമനിലയില്‍ പിരിഞ്ഞു.
Content Highlights: Argentina and Brazil remain perfect amid late drama