യണല്‍ മെസ്സിയ്ക്ക് പിന്നാലെ ആന്റോയിന്‍ ഗ്രീസ്മാനും ബാഴ്‌സലോണ വിട്ടു. തന്റെ പഴയ ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിലേക്കാണ് ഗ്രീസ്മാന്‍ ചേക്കേറിയത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഗ്രീസ്മാനെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത്.

ലോണ്‍ അടിസ്ഥാനത്തിലാണ് താരം അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കളിക്കുക. ഒരു വര്‍ഷത്തേക്കാണ് ലോണ്‍ കാലാവധി. 30 കാരനായ ഗ്രീസ്മാനെ 2019-ല്‍ 120 മില്യണ്‍ യൂറോ മുടക്കിയാണ് ബാഴ്‌സ ടീമിലെത്തിച്ചത്. 

സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടുന്ന ബാഴ്‌സ ഇതിനോടകം സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പി.എസ്.ജിയ്ക്ക് നല്‍കിയിരുന്നു. ഗ്രീസ്മാന്‍ കൂടി പോകുന്നതോടെ ബാഴ്‌സയുടെ മുന്നേറ്റനിരയുടെ ആക്രമണത്തിന് കുറവുവരും. 

ബാഴ്‌സയ്ക്ക് വേണ്ടി 74 മത്സരങ്ങള്‍ കളിച്ച ഗ്രീസ്മാന്‍ 22 ഗോളുകള്‍ നേടി. അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടി താരം 180 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 94 ഗോളുകളും നേടി. അത്‌ലറ്റിക്കോയില്‍ സുവാരസ്സിനൊപ്പമാണ് താരം ബൂട്ടുകെട്ടുക. 

ഗ്രീസ്മാന് പകരം ബാഴ്‌സലോണ സെവിയ്യയുടെ മുന്നേറ്റതാരം ലൂക്ക് ഡി യോങ്ങിനെ ടീമിലെത്തിച്ചു. ലോണ്‍ അടിസ്ഥാനത്തിലാണ് താരം ബാഴ്‌സയിലെത്തിയത്. 

ബാഴ്‌സയുടെ യുവതാരം റോയല്‍ എമേഴ്‌സണും ടീം വിടുകയാണ്. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിലേക്കാണ് എമേഴ്‌സണ്‍ ചേക്കേറുന്നത്.

Content Highlights: Antoine Griezmann rejoins Atletico Madrid from Barcelona on loan