ലിയോണ്‍: ബാഴ്സയിലേക്ക് തട്ടകം മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് ഗോളടിക്കാന്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ മറന്നില്ല. അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് കിരീടവും കിട്ടി. ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സയെ ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. ഗാബിയും അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടു

ലിയോണില്‍ നടന്ന മത്സരത്തില്‍ വിജയകിരീടമണിഞ്ഞതോടെ ഒമ്പതു വര്‍ഷത്തിനിടയില്‍ മൂന്നാം തവണ ഈ കിരീടം നേടുന്ന ടീമെന്ന നേട്ടം അത്‌ലറ്റിക്കോ സ്വന്തമാക്കി. ഇതിന് മുമ്പ് 2010-ലും 2012ലുമാണ് അത്‌ലറ്റിക്കോ കിരീടം നേടിയത്. 

29-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഗോളില്‍ ലീഡ് നേടിയ അത്‌ലറ്റിക്കോയ്ക്കായി 49-ാം മിനിറ്റില്‍ ഫ്രഞ്ച് താരം വീണ്ടും ലക്ഷ്യം കണ്ടു. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കേ നായകന്‍ ഗാബി കൂടി ഗോളടിച്ചതോടെ അത്‌ലറ്റിക്കോ കിരീടമുറപ്പിച്ചു. ഈ സീസണില്‍ ഇതുവരെ 30 ഗോളുകളാണ് അടിച്ചുകൂട്ടുന്നത്.  

ഇതോടെ യൂറോപ്പ ലീഗ് കിരീടം ഏറ്റവും കൂടുതല്‍ നേടുന്ന ടീമെന്ന സെവിയ്യയുടെ റെക്കോഡിനൊപ്പമെത്താനും അത്‌ലറ്റിക്കോ മാഡ്രിഡിനായി. ഈ കിരീടം ഒന്നിലേറെ തവണ ഉയര്‍ത്തുന്ന പരിശീലകനായി ഡീഗോ സിമയോണിയും മാറി.

പരിക്കിന്റെ ഭീതിയുമായി ഇറങ്ങി മികച്ച കളി പുറത്തെടുത്ത മാഴ്സെ നായകന്‍ ദിമിത്രി പയെറ്റ് കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്.  ലോകകപ്പിന് തയ്യാറെടുക്കുന്ന ഫ്രാന്‍സിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് പയെറ്റിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്.

Content Highlights: Antoine Griezmann fires Atletico past Marseille to Europa League glory