സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണെങ്കില്‍ ഭാവിതാരമായി വിലയിരുത്തപ്പെടുന്നത് ഒരു പതിനേഴുകാരനാണ്. ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസാസുവില്‍നിന്നുള്ള വിങ്ങര്‍ അന്‍സു ഫാത്തി.
പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം കൗമാരതാരങ്ങളില്‍ ഏറ്റവും മൂല്യമേറിയ താരം. ജനിച്ചത് ബിസാസുവിലാണെങ്കിലും ആറാം വയസ്സില്‍ അന്‍സുവിന്റെ കുടുംബം സ്‌പെയിനിലേക്ക് കുടിയേറിയിരുന്നു. ബാഴ്സയ്ക്ക് പുറമേ സ്പാനിഷ് അണ്ടര്‍-21 ടീമിലും കളിക്കുന്നുണ്ട്. ബാഴ്സയ്ക്കായി ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കളിക്കാനിറങ്ങിയപ്പോള്‍ ഒരുപിടി റെക്കോഡുകള്‍ സ്വന്തമായി. ലാലിഗയില്‍ ഓസാസുനയ്‌ക്കെതിരേ നേടിയ ഗോള്‍ ടീമിനായി സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ (16 വയസ്സ് 304 ദിവസം) താരമെന്ന റെക്കോഡ് നേടിക്കൊടുത്തു. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെതിരേ കളിക്കാനിറങ്ങിയപ്പോള്‍ ടീമിനായി കളിക്കുന്ന പ്രായം കുറഞ്ഞ (16 വയസ്സ് 321 ദിവസം) താരവുമായി.
ക്ലിനിക്കല്‍ ഫിനിഷര്‍ക്കുവേണ്ട ഗുണങ്ങള്‍ അന്‍സുവിനുണ്ട്. പ്രതിഭ തിരിച്ചറിഞ്ഞാണ് ചെറുപ്രായത്തില്‍ തന്നെ ബാഴ്സ സീനിയര്‍ ടീമിലേക്ക് കരാര്‍ ചെയ്തത്. ഇതുവരെ 13 മത്സരങ്ങളാണ് ടീമിനായി കളിച്ചത്, മൂന്നു ഗോളും നേടി. ലയണല്‍ മെസ്സി-ലൂയി സുവാരസ് - അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ കളിക്കുന്ന ബാഴ്സ മുന്നേറ്റനിരയില്‍ അവസരം കിട്ടുന്നതുതന്നെ അന്‍സുവിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്.
Content Highlights: Ansu Fati The Heir To Lionel Messi At Barcelona