ബാഴ്‌സലോണ: യുവതാരം അന്‍സു ഫാറ്റി ബാഴ്‌സലോണയുമായി ആറുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. 2027 വരെ ഫാറ്റി ബാഴ്‌സയില്‍ തുടരും. ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതിരായ മത്സരത്തിനുശേഷമാണ് ബാഴ്‌സലോണ ഇക്കാര്യം പുറത്തുവിട്ടത്. 

ലയണല്‍ മെസ്സിയുടെ പിന്‍ഗാമിയായി വിശേഷിക്കപ്പെടുന്ന ഫാറ്റി മെസ്സിയെപ്പോലെ ബാഴ്‌സലോണയുടെ അക്കാദമിയില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ്. വെറും 18 വയസ്സുമാത്രം പ്രായമുള്ള താരം 2019-ലാണ് ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറിയത്. 34 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും നേടി. 

മെസ്സി ടീം വിട്ടശേഷം വിശ്വവിഖ്യാതമായ ബാഴ്‌സയുടെ പത്താം നമ്പര്‍ ജഴ്‌സി അണിയാന്‍ ഫാറ്റിയ്ക്കാണ് ഭാഗ്യം ലഭിച്ചത്. കാല്‍മുട്ടിലെ പരിക്കുമൂലം ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഫാറ്റി ഈ സീസണിലാണ് കളിക്കാനിറങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ നേടിക്കൊണ്ട് താരം വരവറിയിക്കുകയും ചെയ്തു. 

ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ഫാറ്റിയുടെ പേരിലാണ്. ലയണല്‍ മെസ്സിയെയും ബൊയാന്‍ ക്രിക്കിനെയും മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഫാറ്റിയുടെ പേരിലാണ്. 

Content Highlights: Ansu Fati Agrees Six-Year Barcelona Contract