ബ്രസീലിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്.

കഴിഞ്ഞ ദിവസം ഖത്തറിനെതിരേ നടന്ന മത്സരത്തില്‍ പരിക്കേറ്റതോടെയാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാകുന്നത്. നെയ്മര്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന കാര്യം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്ത് വിട്ടത്.

മത്സരത്തിനിടെ താരത്തിന്റെ കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേല്‍ക്കുകയായിരുന്നു. അടുത്തിടെ കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായി കളത്തിലിറങ്ങിയ നെയ്മര്‍ ഖത്തറിനെതിരായ മത്സരത്തിനിടെ കടുത്ത ടാക്ലിങ്ങിന് വിധേയനായിരുന്നു. ടൂര്‍ണമെന്റിനു മുന്‍പ് താരത്തിന്റെ പരിക്ക് ഭേദമാകാന്‍ സാധ്യതയില്ലെന്നതിനാലാണ് നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.

ഖത്തറിനെതിരായ മത്സരത്തിന്റെ 21-ാം മിനിറ്റിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. നേരത്തെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ഏതാനും മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.

Content Highlights: ankle injury for neymar ruled out of copa america