പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേൺ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെ ക്ഷുഭിതരായ പി.എസ്.ജി ആരാധകർ പാരീസിലെ വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ടു.

പാരിസിലെ ചാമ്പ്സ് എലിസീസിൽ ഫ്രഞ്ച് പോലീസും ആരാധകരും തമ്മിൽ ഏറ്റുമുട്ടി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ചാമ്പ്സ് എലിസീസിലെ ഒരു ബാറിൽ കളികാണാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ബാറിലിരുന്നവരെയാണ് പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത്. ഇതോടെ ആളുകൾ പോലീസിനെതിരേ തിരിഞ്ഞു.

പാരീസിലെ പടിഞ്ഞാറൻ മേഖലയിൽ പി.എസ്.ജിയുടെ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

സ്റ്റേഡിയത്തിനുള്ളിൽ സ്ഥാപിച്ച രണ്ട് കൂറ്റൻ സ്ക്രീനുകളിൽ ആരാധകർക്ക് മത്സരം കാണാനുള്ള സൗകര്യം ക്ലബ്ബ് ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് 5000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ കിക്കോഫിന് മിനിറ്റുകൾക്ക് മുമ്പും നിരവധി ആരാധകർ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കാത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച പുറത്തുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടന്നത്.

ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ മറികടന്നാണ് ബയേൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്.

59-ാം മിനിറ്റിൽ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോൾ. പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ബയേൺ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്.

Content Highlights: Angry Fans cause riots in Paris after PSG lose ucl final