എന്നാല്‍, ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിക്കെതിരായ മത്സരത്തിനിടെ ഏഞ്ചല്‍ ഡി മരിയയുമായി ജേഴ്സി കൈമാറിയ ചെല്‍സി താരം എഡന്‍ ഹസാര്‍ഡ് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണിപ്പോള്‍.
മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോഴാണ് ഹസാര്‍ഡ് പി.എസ്.ജി. താരം ഏഞ്ചല്‍ ഡി മരിയയ്ക്ക് ജേഴ്സി കൈമാറിയത്. ആ സമയത്ത് ചെല്‍സിയും പി.എസ്.ജിയും ഓരോ ഗോളടിച്ച് മത്സരത്തില്‍ തുല്യനിലയില്‍ നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍കൂടി അടിച്ച പി.എസ്.ജി. ക്വാര്‍ട്ടറിലേക്ക് കടക്കുകയും ചെല്‍സി ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയും ചെയ്തതോടെയാണ് ആരാധകരുടെ രോഷം പുറത്തുവന്നത്.
ജേഴ്സി കൈമാറിയതിലല്ല, അത് അസമയത്തായതിലാണ് പരാതി. ഇത് ആദ്യമായല്ല ജേഴ്സി കൈമാറ്റത്തിന്റെ പേരില്‍ താരങ്ങള്‍ പുലിവാലുപിടിക്കുന്നത്. 2014-ലെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റയലിന്റെ പെപ്പെയുമായി ജേഴ്സി കൈമാറിയതിന് ലിവര്‍പൂളിന്റെ താരമായിരുന്ന മരിയോ ബലോട്ടെല്ലിക്ക് പിഴശിക്ഷ കിട്ടിയിട്ടുണ്ട്. അന്ന് ടീം മാനേജര്‍ ബ്രെണ്ടന്‍ റോജേഴ്സ് പറഞ്ഞതും ഇതാണ്, ''ജേഴ്സി കൈമാറിയതിനല്ല, അത് അസമയത്ത് ചെയ്തതിനാണ് ശിക്ഷ. കളി കഴിഞ്ഞശേഷം മതിയല്ലോ ഇത്തരം പ്രകടനങ്ങള്‍''.
മത്സരത്തിനിടെ ജേഴ്സി കൈമാറുന്നത് ടീമിനോടുള്ള ആത്മാര്ഥതയില്ലായ്മയായി കണക്കാക്കുന്ന ആരാധകരേറെയാണ്. ജേഴ്സി കൈമാറ്റത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. 1931-ല്‍ പാരീസില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ച ഫ്രാന്‍സ് താരങ്ങളാണ് ആദ്യമായി ജേഴ്സി കൈമാറി സന്തോഷം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെ ഫ്രാന്‍സിന്റെ ആദ്യ ജയമായിരുന്നു അത്. 1962-ല്‍ ബെന്‍ഫിക്കയെ തുടര്‍ച്ചയായ രണ്ടാം തവണയും യൂറോപ്യന്‍ ഫുട്ബോള്‍ കിരീടത്തിലേക്ക് നയിച്ചശേഷം യൂസേബിയോ പറഞ്ഞു, ''ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയുടെ ജേഴ്സി എന്റെ കൈവശമുണ്ട്. അത് ആരെങ്കിലും തട്ടിപ്പറിക്കുമോ എന്ന് പേടിയാകുന്നു.''
1966-ലെ ലോകകപ്പില്‍, പ്രധാന മത്സരശേഷം ജേഴ്സി കൈമാറുകയെന്നത് ഒരു സ്ഥിരം കാര്യപരിപാടിയായിരുന്നു. ആ ലോകകപ്പിലെ വിവാദമായ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരശേഷം അര്‍ജന്റീനാ ടീമിനെ അധിക്ഷേപിച്ച ഇംഗ്ലീഷ് ടീം മനേജര്‍ ആല്‍ഫ് റാംസി, അര്‍ജന്റീനാ ടീമംഗങ്ങള്‍ക്ക് ജേഴ്സി കൈമാറുന്നതിനെ വിലക്കി.
നാലുവര്‍ഷങ്ങള്‍ക്കുശേഷം 1970 ലോകകപ്പിനിടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബോബി മൂര്‍, ബ്രസീല്‍ ഇതിഹാസതാരം പെലെയ്ക്ക് ജേഴ്സി കൈമാറുന്നത് ഫുട്ബോള്‍ ചരിത്രത്തിലെ മായാത്ത ചിത്രമായി. അന്ന് ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായിരുന്നു ഇരുവരും. യു.എസ്. പ്രതിരോധനിര താരമായ ജെഫ് ആഗൂസ് രാജ്യത്തിനുവേണ്ടി കളിച്ചത് 100 മത്സരങ്ങള്‍. എന്നാല്‍, സഹതാരങ്ങളുടെ 400-ലേറെ ജേഴ്സികള്‍ തന്റെ ശേഖരത്തിലുണ്ടെന്ന് ആഗൂസ് ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..