മോണ്ടിവീഡിയോ: 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനും വിജയം. യുറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇതോടെ ലാറ്റിനമേരിക്കന്‍ ടീം ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. യുറുഗ്വായ്ന്‍ താരം ജോവക്വിന്‍ പികരെസിന്റെ അശ്രദ്ധ മുതലെടുത്ത ഡി മരിയക്ക് ലക്ഷ്യം പിഴച്ചില്ല. പരിക്കേറ്റ് പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്ന ലയണല്‍ മെസ്സി അവസാന 15 മിനിറ്റില്‍ കളത്തിലിറങ്ങി.

ഈ വിജയത്തോടെ 28 പോയിന്റുമായി ബ്രസീലിന് ആറു പോയിന്റ് പിന്നിലാണ് അര്‍ജന്റീന. ബ്രസീല്‍ കഴിഞ്ഞ ദിവസം യോഗ്യത നേടിയിരുന്നു. അതേസമയം യുറുഗ്വായ്, കൊളംബിയ, ചിലി എന്നീ ടീമുകള്‍ക്ക് 16 പോയിന്റാണുള്ളത്. അടുത്ത മത്സരത്തില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ എതിരാളികള്‍. 

ഹാരി കെയ്ന്‍ ഹാട്രിക് നേടിയ മത്സരത്തില്‍ അല്‍ബേനിയയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തകര്‍ത്തു. ഇനി ഒരു സമനില കൂടി നേടിയാല്‍ ഇംഗ്ലീഷ് പടയ്ക്ക് ലോകകപ്പ് യോഗ്യത സ്വന്തമാക്കാം.

Content Highlights: Angel Di Maria Winner Puts Argentina On Brink Of 2022 World Cup Qualification