റ്റാലിയന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ പിര്‍ലോയുടെ കളിയഴക് ഇനി കാണാനാകില്ല. ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പിര്‍ലോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2015ല്‍ യുവന്റസ് വിട്ട പിര്‍ലോ കഴിഞ്ഞ രണ്ടു വര്‍ഷമായി എം.എല്‍.എശ് ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടി കളിക്കുകയായിരുന്നു. 

'ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടിയുള്ള കളി മാത്രമല്ല, ഒരു ഫുട്‌ബോള്‍ താരമെന്ന നിലയിലുള്ള എന്റെ യാത്ര തന്നെ അവസാനിക്കുകയാണ്. എല്ലാ പിന്തുണയും തന്ന എന്റെ കുടുംബത്തിനും, എന്നെ കളിപ്പിക്കുന്നത് ബഹുമതിയായി കണ്ട ഞാന്‍ കളിച്ച എല്ലാ ടീമുകള്‍ക്കും, എന്റെ കൂടെ കളിച്ച എല്ലാ താരങ്ങള്‍ക്കും, എന്റെ കരിയര്‍ മികച്ചതാക്കിയ ഓരോരുത്തര്‍ക്കും, അതിനെല്ലാമുപരി ലോകത്തുള്ള എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ പറയുന്നു. നിങ്ങളെല്ലാവരും എന്ന് എന്റെ ഹൃദയത്തിലുണ്ടാകും' വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള ട്വീറ്റിലൂടെ പിര്‍ലോ വ്യക്തമാക്കി. 

ഫുട്ബോള്‍ ലോകത്തെ മൊസാര്‍ട്ടെന്നാണ് പിര്‍ലോയെ സഹതാരങ്ങളും ആരാധകരും വിശേഷിപ്പിക്കുന്നത്. മിഡ്ഫീല്‍ഡ് ജനറല്‍മാര്‍ക്ക് വേണ്ട വേഗമോ,ശാരീരിക കരുത്തോ ,ആക്രമണ പ്രതിരോധ തന്ത്രങ്ങളോ ഒന്നുമില്ലെങ്കിലും സ്വന്തം താളത്തില്‍ കളി നിയന്ത്രിക്കുന്ന പിര്‍ലോക്ക് ഇതിലും നല്ല വിശേഷണം വേറെയില്ല. സാങ്കേതിക മികവും പന്തിന്‍മേലുള്ള നിയന്ത്രണവും ഡ്രിബ്ലിങ് പാടവവും മുന്‍കൂട്ടി നീക്കങ്ങള്‍ നടത്താനുള്ള കഴിവും പ്രതിരോധം പിളര്‍ത്തുന്ന ഫ്രീകിക്കുകളുമൊക്കെയായിരുന്നു പിര്‍ലോയുടെ ആയുധങ്ങള്‍.

ഇറ്റലിയിലെ മികച്ച ക്ലബ്ബുകളായ ഇന്റര്‍ മിലാനും എസി മിലാനും കളിച്ചിട്ടുള്ള മുപ്പത്തിയെട്ടുകാരനെ കൂട്ടിവായിക്കാതെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ചരിത്രത്തെ അടയാളപ്പെടുത്താനാകില്ല. ആറു തവണ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയ പിര്‍ലോ യുവന്റസിന്റെ ജഴ്‌സിയില്‍ നാലു തവണയാണ് കിരീടം നേടിയത്. മിലാന്റെ ജഴ്‌സിയില്‍ 2003ലും 2007ലും ചാമ്പ്യസ് ലീഗ് കിരീടങ്ങളും നേടി. 

ഇറ്റലിയുടെ 2006 ലോകകപ്പ് വിജയത്തിലും ഈ മിഡ്ഫീല്‍ഡിന്റെ രാജാവുണ്ടായിരുന്നു. ഫൈനലിലേതടക്കം മൂന്ന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് ലോകകപ്പില്‍ ഇറ്റാലിയന്‍ ഇതിഹാസം നേടിയത്. 1992ല്‍ ബ്രെസിയ ക്ലബ്ബിലൂടെ യുവതാരമായി അരങ്ങേറ്റം നടത്തിയ പിര്‍ലോയുടെ നീണ്ട 25 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിനാണ് വിരാമം കുറിക്കുന്നത്.