ഫുട്‌ബോള്‍ ലോകം നടുങ്ങിയ ഗുരുതര പരിക്ക് ഭേദമായി; ആന്ദ്രേ ഗോമസ് തിരിച്ചെത്തുന്നു


ബാലന്‍സ് തെറ്റിയുള്ള വീഴ്ചയില്‍ ഗോമസിന്റെ വലത്തെ കണംകാല്‍ സ്ഥാനം തെറ്റി

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ക്രൂരമായ ടാക്കിളിങ്ങിന് ഇരയായി കളംവിട്ട എവര്‍ട്ടണ്‍ താരം ആന്ദ്രേ ഗോമസ് തിരിച്ചുവരുന്നു. ഞായറാഴ്ച ആഴ്‌സണലിനെതിരേ നടക്കുന്ന മത്സരത്തില്‍ മധ്യനിരതാരമായ ഗോമസ് കളിക്കുമെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി വ്യക്തമാക്കി.

വലതു കണംകാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുകഴിഞ്ഞുവെന്നും ആന്‍സലോട്ടി അറിയിച്ചു. പരിക്കേറ്റ് 112 ദിവസങ്ങള്‍ക്ക് ശേഷമാണ് താരം വീണ്ടും കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ നവംബര്‍ മൂന്നിന് പ്രീമിയര്‍ ലീഗിലെ എവര്‍ട്ടണ്‍ - ടോട്ടനം മത്സരത്തിനിടെയാണ് മുന്‍ ബാഴ്സലോണ താരം കൂടിയായ ഗോമസിന് പരിക്കേറ്റത്.

പന്തുമായി മുന്നോട്ടു കുതിച്ച ഗോമസിനെ ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരം സണ്‍ മിന്‍ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ബാലന്‍സ് തെറ്റിയുള്ള വീഴ്ചയില്‍ ഗോമസിന്റെ വലത്തെ കണംകാല്‍ സ്ഥാനം തെറ്റി.