മ്യൂണിക്കിലെ അലയന്‍സ് അറീനയുടെ അത്ര ഉണ്ടാകില്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഡിഫന്‍ഡര്‍ അനസ് എടത്തൊടിക കളി പഠിച്ച ഒരു അറീനയുണ്ട്. മലപ്പുറം ജില്ലയിലെ മുണ്ടപ്പലം അറീന. അനസ് കളി പഠിച്ചു വളര്‍ന്നത് അവിടെയാണ്. ഇന്ത്യന്‍ പ്രതിരോധ താരത്തിന്റെ കരിയറിലെ നിര്‍ണായക ഗ്രൗണ്ട്.
ഇന്ന് ഇന്ത്യയിലെ മികച്ച പ്രതിരോധതാരമായി മാറിയെങ്കിലും പഴയ മുണ്ടപ്പലം അറീന വിട്ട് അനസിനൊരു കളിയില്ല. തിരക്കിട്ട മത്സര ഷെഡ്യൂളിനിടയില്‍ മഴക്കാലത്ത് കൂട്ടുകാരോടൊപ്പം ചളിയില്‍ ഫുട്ബോള്‍ കളിക്കാനും അനസ് സമയം കണ്ടെത്തി. ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ അനസിന്റെ ഈ ചിത്രം കണ്ട് മുണ്ടപ്പലം അറീനയില്‍ വന്ന് കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് താരം ഫ്ലോറെന്റെ മെലൂദ. ഇന്‍സ്റ്റഗ്രാമില്‍ അനസിന്റെ കൂട്ടികാരുടെയും ഫോട്ടോ പങ്കുവെച്ച മെലൂദ മുണ്ടപ്പലം അരീനയില്‍ കളിക്കുന്നത് തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്നും കളിയില്‍ തോല്‍ക്കുന്നവര്‍ ചേറില്‍ കുളിച്ച വസ്ത്രങ്ങള്‍ അലക്കണമെന്നും മെലൂദ ഫോട്ടോയൊടൊപ്പം കുറിച്ചു.
അനസും മെലൂദയും ഐ.എസ്.എല്ലില്‍ ഡെല്‍ഹി ഡൈനാമോസില്‍ ഒരുമിച്ച് കളിച്ചവരാണ്. താന്‍ ഒപ്പം കളിച്ചവരില്‍ ഏറ്റവും വലിയ താരം മലൂദയാണെന്ന് അനസ് മുമ്പ് പറഞ്ഞിരുന്നു. ഐ.എസ്.എല്‍ പുതിയ സീസണില്‍ ഒരു ടീമിന്റെയും ഭാഗമായിട്ടില്ല അനസ്. ഡല്‍ഹി ആരെയും നിലനിര്‍ത്തുന്നുവെന്ന വ്യക്തമാക്കിയതോടെ അനസിനെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനാകും മറ്റു ടീമുകളുടെ ശ്രമം. അനസ് കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..