കളിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിന് ആയിരുന്നില്ലെങ്കിലും സി.കെ വിനീതിനോളം തന്നെ മലയാളികളുടെ മനസ്സിലിടം പിടിച്ച താരമാണ് മലപ്പുറത്ത് നിന്നുള്ള ഡിഫന്‍ഡര്‍ അനസ് എടത്തൊടിക. പുതുവര്‍ഷമെത്തുമ്പോള്‍ പുതിയ ലക്ഷ്യങ്ങളുമായി പുതു തട്ടകത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഡല്‍ഹി ഡൈനാമോസിന്റെ ഈ പ്രതിരോധ താരം.
ഐ ലീഗില്‍ മോഹന്‍ ബഗാനുമായി കരാറൊപ്പിട്ടതോടെ കൊല്‍ക്കത്തയിലേക്ക് തട്ടകം മാറുന്നതിനൊപ്പം വീട്ടില്‍ ഒരു പുതിയ അംഗം കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് അനസ്. രണ്ടര മാസം പ്രായമുള്ള മകന്‍ മുഹമ്മദ് ഷെഹ്ഷാദ്. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ പിന്നെ അനസിന് സന്തോഷം നല്‍കുന്നത് ഉമ്മയുണ്ടാക്കി തരുന്ന നാടന്‍ പുട്ടും ബീഫും കഴിച്ച് മകനെ കളിപ്പിച്ചിരിക്കുന്നതാണ്. അസിന്റെ ജീവിതത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നുമില്ല.
ഇന്ത്യന്‍ ഫുട്‌ബോളിന് മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള മോഹന്‍ ബഗാന്റെ പ്രതിരോധത്തില്‍ കളിക്കുന്നത് അനസിനെ സംബന്ധിച്ച് ഭാഗ്യമാണ്. മനസ്സില്‍ ഒരുപാട് ആവലാതികളുമായാണ് കൊല്‍ക്കത്തയിലെത്തുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. നമ്മള്‍ നന്നായി കളിച്ചാല്‍ അവര്‍ തലയില്‍ വെയ്ക്കും, അതല്ലെങ്കില്‍ താഴെയിടും. അനസ് പറയുന്നു. ഫുട്‌ബോള്‍ കളിക്കുകയാണെങ്കില്‍ ഒരു വര്‍ഷമെങ്കിലും കൊല്‍ക്കത്തയില്‍ കളിക്കണമെന്ന പക്ഷക്കാരനാണ് അനസ്.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ഡല്‍ഹി പുറത്തായപ്പോള്‍ അനസിന്റെ ഫോണിലേക്ക് വന്ന മെസ്സേജിനും കോളിനും കണക്കില്ല. മെലൂദയും പെലിസാരിയുമടക്കമുള്ള താരങ്ങള്‍ പെനാല്‍റ്റി പുറത്തേക്കടിച്ച് കളഞ്ഞത് ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ വേണ്ടിയല്ലേ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെയൊരു ഒത്തുകളി സെമിയില്‍ നടന്നിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അനസ് പറയുന്നു.
ഡല്‍ഹിക്കായാണ് കളിച്ചതെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ജെഴ്‌സി അനസിനെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. മഞ്ഞപ്പടയുടെ ആരാധകക്കൂട്ടം തന്നെയാണ് അതിനു കാരണം. ഏതൊരു മലയാളിയെയും പോലെ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടുന്നത് അനസും സ്വപ്നം കാണുന്നുണ്ട്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ജെഴ്‌സിയില്‍ കൊച്ചിയിലെ ആരവത്തിന് നടുവില്‍ കളിക്കുന്നതിനോടൊപ്പം മറ്റൊരു സ്വപം കൂടി അനസിന് ബാക്കിയുണ്ട്. എന്നെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കണമെന്ന ആഗ്രഹം. ഈ രണ്ട് ലക്ഷ്യങ്ങളുമായാകും ജനുവരി ഒന്നിന് മോഹന്‍ ബഗാനൊപ്പം ചേരാന്‍ കൊല്‍ക്കത്തയിലേക്ക് അനസ് പറക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..