മിലാന്‍: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍. ഫൈനലില്‍ കരുത്തരായ യുവന്റസിനെ തകര്‍ത്താണ് ഇന്റര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ററിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇന്റര്‍ തിരിച്ചടിക്കുകയായിരുന്നു. 

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ സൂപ്പര്‍താരം അലെക്‌സി സാഞ്ചസാണ് ടീമിനായി വിജയഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെ ലൗട്ടാരോ മാര്‍ട്ടിനെസും ഇന്ററിനായി ലക്ഷ്യം കണ്ടു. വെസ്റ്റണ്‍ മക്കീനി യുവന്റസിനായി വലകുലുക്കി. 

ഇന്ററിനെ ഞെട്ടിച്ചുകൊണ്ട് യുവന്റസാണ്‌ ആദ്യം വലകുലുക്കിയത്. 25-ാം മിനിറ്റില്‍ മക്കീനിയിലൂടെ യുവന്റസ് മുന്നിലെത്തി. ആല്‍വാരോ മൊറാട്ടയുടെ ക്രോസിന് കൃത്യമായി തലവെച്ച മക്കീനി അനായാസം പന്ത് വലയിലെത്തിച്ചു. 

എന്നാല്‍ യുവന്റസിന്റെ ആഹ്‌ളാദത്തിന് പത്തുമിനിറ്റ് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 35-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാറോ മാര്‍ട്ടിനെസ് ഇന്ററിനായി സമനില ഗോള്‍ നേടി. ബോക്‌സിനകത്തുവെച്ച് സെക്കോയെ സിഗ്ലിയോ വീഴ്ത്തിയതിനാണ് റഫറി ഇന്ററിനനുകൂലമായി പെനാല്‍ട്ടി വിധിച്ചത് 

രണ്ടാം പകുതിയില്‍ ഇരുടീമുകളും നന്നായി കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. പോരാട്ടം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച സമയത്താണ് രക്ഷകനായി സാഞ്ചസ് അവതരിച്ചത്. പകരക്കാരനായി വന്ന സാഞ്ചസ് എക്‌സ്ട്രാ ടൈമിന്റെ ഇന്‍ജുറി ടൈമിലാണ് ഗോളടിച്ചത്. യുവന്റസ് പ്രതിരോധതാരം അലക്‌സ് സാന്‍ഡ്രോ വരുത്തിയ പിഴവില്‍ നിന്ന് പന്ത് സ്വീകരിച്ച സാഞ്ചസ് മികച്ച ഫിനിഷിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ ഇന്റര്‍ വിജയമുറപ്പിച്ചു. 

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്റര്‍ അവസാന എട്ട് സീരി എ മത്സരങ്ങളിലും തോല്‍ക്കാതെയാണ് സൂപ്പര്‍ കപ്പ് ഫൈനലിനിറങ്ങിയത്. ഇന്റര്‍ സ്വന്തമാക്കുന്ന ആറാം സൂപ്പര്‍ കപ്പ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായിരുന്ന യുവന്റസ് കണ്ണീരോടെ മിലാനില്‍ നിന്നും വിടവാങ്ങി. 

Content Highlights: Alexis Sanchez's Last-gasp Winner vs Juventus Seals Italian Super Cup for Inter Milan