ശ്രീകണ്ഠപ്പ സ്റ്റേഡിയത്തില്‍ പന്തുതട്ടിവളര്‍ന്ന അലക്‌സ് സജി ഇനി ഇന്ത്യന്‍ ജഴ്സിയില്‍. അടുത്തവര്‍ഷം നടക്കുന്ന എ.എഫ്.സി. അണ്ടര്‍-23 ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമിലാണ് അലക്‌സ് സജി ഇടംനേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുലാണ് 28 അംഗ ടീമിലിടം നേടിയ മറ്റൊരു മലയാളി. ദേശീയടീമിലിടം നേടുന്ന ആദ്യവയനാട്ടുകാരനാണ് അലക്‌സ് സജി.

മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് അലക്‌സ്. ഒട്ടേറെ കായികപ്രതിഭകളെ വാര്‍ത്തെടുത്ത മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം.

ചാട്ടം ഉപേക്ഷിച്ച് പന്തിന് പുറകെ

ഉയരക്കൂടുതലുള്ള പയ്യനെ സ്‌കൂളിലെ കായികാധ്യാപകന്‍ ഹൈജംപ്‌ പരിശീലിപ്പിക്കാന്‍ തിരഞ്ഞെടുത്തു. എന്നാല്‍ അലക്‌സിന് പ്രിയം ഫുട്ബോളിനോടായിരുന്നു. മീനങ്ങാടി ഫുട്ബോള്‍ അക്കാദമിയില്‍ ഹെഡ് കോച്ച് ബിനോയ് പേരിയില്‍ അലക്‌സിനെ ക്യാമ്പില്‍കൂട്ടി. അത്ലറ്റിക്‌സില്‍ പ്രതീക്ഷയായിരുന്ന കുട്ടിയെ ഫുട്ബോളിലേക്ക് തിരിച്ചുവിട്ടതിന് അന്ന് ബിനോയി മാഷിന് എതിര്‍പ്പുകള്‍ പലതും നേരിടേണ്ടിവന്നു. പക്ഷേ, മീനങ്ങാടിയില്‍നിന്ന് തൃശ്ശൂര്‍ റെഡ് സ്റ്റാറിലേക്കും, അവിടെനിന്ന് എം.എം. കോളേജ് കോതമംഗലത്തേക്കും അലക്സ് പന്തുതട്ടി പാഞ്ഞു.

പ്രതിരോധനിരയിലെ വിശ്വസ്തനായ കാവല്‍ക്കാരന് പ്രൊഫഷണല്‍ ഫുട്ബോളറുടെ കുപ്പായമണിയാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ ക്യാപ്റ്റനായി സ്ഥാനക്കയറ്റം. പിന്നീട് ഐ ലീഗില്‍ കേരളത്തിന്റെ ക്ലബ്ബായ ഗോകുലം എഫ്.സി.യിലേക്ക്. വടക്കേയിന്ത്യയിലെ പേരുകേട്ട ക്ലബ്ബുകളെ മുട്ടുകുത്തിച്ച് ഗോകുലം എഫ്.സി. കഴിഞ്ഞ ഐലീഗ് കിരീടമുയര്‍ത്തുമ്പോള്‍ അലക്‌സ് സജിയും ടീമിന്റെ ഭാഗമായിരുന്നു. നിലവില്‍ അണ്ടര്‍-23 ഇന്ത്യന്‍ടീമിലെ ഏറ്റവും ഉയരമുള്ള താരമാണ് അലക്‌സ്. ഹെഡിങ്ങിലെ കൃത്യതയും ആത്മാര്‍ഥതയോടെയുള്ള കളിയും അലക്‌സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് പരിശീലകന്‍ ബിനോയ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഒക്ടോബര്‍ അവസാനം യു.എ.ഇ.യിലെ ഫുജൈറ സ്റ്റേഡിയത്തിലാണ് യോഗ്യതാമത്സരങ്ങള്‍. ഇന്ത്യ 25-ന് ഒമാനെയും 28-ന് യു.എ.ഇ.യെയും 31-ന് കിര്‍ഗ് റിപ്പബ്ലിക്കിനെയും നേരിടും. പ്രതിരോധനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന അലക്സ് സജി പ്ലേ ഓഫില്‍ ഇടംനേടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് വയനാട്ടിലെ കാല്‍പ്പന്തുപ്രേമികള്‍.

Content Highlights: Alex Saji selected for afc under 23 asia cup qualification matches