ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ നടുവൊടിച്ച് അയാക്‌സ്. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് അയാക്‌സ് നാണംകെടുത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ബെസിക്റ്റാസിനെ കീഴടക്കി.

അനായാസ വിജയം നേടാനായി അയാക്‌സിന്റെ ഹോം ഗ്രൗണ്ടിലെത്തിയ ഡോര്‍ട്മുണ്ടിനെ ആതിഥേയര്‍ ശരിക്കും ഞെട്ടിച്ചു. ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ട അയാക്‌സിനായി ഡാലി ബ്ലിന്‍ഡ്, ആന്റണി, സെബാസ്റ്റിയന്‍ ഹാളര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മാര്‍ക്കോ റിയൂസിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. 

ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടും റിയൂസും വിറ്റ്‌സെലും ബെല്ലിങ്ങാമും ഹമ്മല്‍സും മ്യൂനിയെറുമെല്ലാം കളത്തിനിറങ്ങിയിട്ടും ഒരു ഗോള്‍ പോലും മടക്കാന്‍ ഡോര്‍ട്മുണ്ടിന് സാധിച്ചില്ല. ഈ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന അയാക്‌സ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറുപോയന്റുള്ള ഡോര്‍ട്ട്മുണ്ട് രണ്ടാമതാണ്.

പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ്, ബെസിക്റ്റാസിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്തു. സെബാസ്റ്റിയന്‍ കോട്ടസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പാബ്ലോ സരാബിയ, പൗളീന്യോ എന്നിവരും ലക്ഷ്യം കണ്ടു. ബെസിക്റ്റാസിനായി സൈല്‍ ലാറിന്‍ ആശ്വാസഗോള്‍ നേടി. 

2021-22 സീസണ്‍ ചാമ്പ്യന്‍സ് ലീഗിലെ സ്‌പോര്‍ട്ടിങ്ങിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ ടീം ഗ്രൂപ്പില്‍ മൂന്നാമതെത്തി. ബെസിക്റ്റാസ് നാലാമതാണ്.

Content Highlights: Ajax crushed Dortmund 4-0 inUEFA Champions League