ഭുവനേശ്വര്‍: ഐ.എസ്.എല്ലോ ഐ ലീഗോ ശക്തം എന്ന ചോദ്യത്തിന് എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സി. സുനില്‍ ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെന്നൈ സിറ്റിയുടെ ജയം. ഇതോടെ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍ പുറത്തായി. ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍ സെമിയിലും.

പതിനഞ്ചാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡില്ലോയിലൂടെ ചെന്നൈ സിറ്റിയാണ്  ആദ്യം മുന്നിലെത്തിയത്. 52-ാം മിനിറ്റില്‍ ബെംഗളൂരുവിന് ഒപ്പമെത്താന്‍ ഒരു അസുലഭാവസരം ലഭിച്ചു. ബോക്‌സില്‍ യേശുരാജ് ഛേത്രിയെ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, ഛേത്രിയെടുത്ത പെനാല്‍റ്റി കിക്ക് ചെന്നൈ ഗോളി മൗറോ ബോര്‍ഷിയോ മനോഹരമായാണ് രക്ഷപ്പെടുത്തിയത്.

ഈ പെനാല്‍റ്റി തുലച്ചതിനുള്ള ശിക്ഷ രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ബെംഗളൂരുവിന് കിട്ടി. 54-ാം മിനിറ്റില്‍ സാന്‍ഡ്രോയുടെ പാസില്‍ നിന്ന് പെഡ്രോ മാന്‍സി ചെന്നൈയുടെ ലീഡുയര്‍ത്തി. പത്തൊന്‍പത് വാര അകലെ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഗോളിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നു മാന്‍സി. ബെംഗളൂരു ഗോളി ഗുര്‍പ്രീതിന് കാഴ്ചക്കാരനാവാനെ കഴിഞ്ഞുള്ളൂ.

അറുപത്തിയഞ്ചാം മിനിറ്റിലാണ് ഛേത്രി ബെംഗളൂരുവിന് പ്രതീക്ഷ നല്‍കി ഒരു ഗോള്‍ മടക്കിയത്. ഡിമാസ് ഡെല്‍ഗാഡോയുടെ ഒരു ക്രോസ് വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു നായകന്‍.

Content Highlights: Aiff Super Cup ISL I League Bengaluru FC Chennai City Sunil Chethri