കോഴിക്കോട്: വരുന്ന സീസണില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ഏകീകൃത ലീഗ് നടപ്പാക്കണമെന്ന് ഫിഫയുടെ മാര്‍ഗരേഖ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എ.എഫ്.സി) ഇന്ത്യന്‍ ഫുട്ബോളിലെ പ്രശ്നപരിഹാരത്തിനും വികസനത്തിനും നല്‍കിയതാണിത്.
മാര്‍ഗരേഖയില്‍ സ്വീകരിച്ച കാര്യങ്ങള്‍ വിശദമാക്കാന്‍ ഫിഫ ആവശ്യപ്പെട്ടതോടെ ഇന്ത്യന്‍ ഫുട്ബോളിലെ പ്രതിസന്ധി പുതിയ വഴിത്തിരിവിലെത്തിയിട്ടുണ്ട്.
2019-20 സീസണ് മുതല്‍ ഒറ്റലീഗ്, ലീഗിന്റെ ഘടന, ലീഗ് ട്രാന്സിഷന് കമ്മിഷന്, ലീഗ് നടത്തിപ്പിനുള്ള സംവിധാനം, സംസ്ഥാന അസോസിയേഷനുകളുടെ ചുമതലകള്‍, കളിക്കാരുടെ വേതനം, ഗ്രാസ്റൂട്ട് പദ്ധതികള്‍ എന്നിവയില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയിലുണ്ട്.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും മാര്‍ഗരേഖയിലെ പ്രധാനകാര്യങ്ങള്‍ നടപ്പാക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ഫുട്ബോളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആറ് ഐലീഗ് ക്ലബ്ബുകള്‍ പരാതി നല്‍കിയതോടെയാണ് ഫിഫ ഇടപെടുന്നതും മാര്‍ഗരേഖ നടപ്പാക്കുന്നതിലെ പുരോഗതി അന്വേഷിച്ച് കത്തയക്കുകയും ചെയ്തത്. ഇതോടെ എ.ഐ.എഫ്.എഫ്. വെട്ടിലായിട്ടുണ്ട്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
ഫിഫ - എ.എഫ്.സി, മാര്‍ഗരേഖപ്രകാരം 2019-20 സീസണില്‍ ഒറ്റ ഫുട്ബോള്‍ ലീഗാണ് നടത്തേണ്ടത്. കഴിഞ്ഞ സീസണില്‍ ഇളവുകളോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും ഐലീഗിനും അനുമതി നല്‍കിയത്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ എ.എഫ്.സി ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകില്ല.
മാര്‍ഗരേഖയിലെ നിര്‍ദേശ പ്രകാരം സൂപ്പര്‍ലീഗും ലീഗും ചേര്‍ന്നുണ്ടാകുന്ന ഏകീകൃത ലീഗ് ഒന്നാം ഡിവിഷന് ലീഗായി അറിയപ്പെടും. ഇതില്‍ 12 ടീമുകളാണ് ഉണ്ടാകേണ്ടത്. പത്ത് ടീമുകള്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഒരു ടീം ഐ ലീഗ് ചാമ്പ്യന്മാരുമാകും. ബാക്കി ഒരു ടീമിനെ ടെന്ഡര്വഴിയോ അല്ലെങ്കില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രീതിയിലോ തിരഞ്ഞെടുക്കാം.
ക്ലബ്ബ് ലൈസന്‍സ് നിബന്ധനപാലിക്കുന്നതും സാമ്പത്തിക ഭദ്രതയുമാണ് സൂപ്പര്‍ലീഗ് ക്ലബ്ബുകളെ കൂടുതലായി പരിഗണിക്കാന്‍ കാരണം. രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടിവരുന്ന ടീമുകളെ ഉള്‍പ്പെടുത്തി 2022-23 സീസണാകുമ്പോഴേക്കും 16 ടീമുകളാകണം. തുടര്‍ന്നാകും തരംതാഴ്ത്തല്‍ നടപ്പാക്കുക.
സംസ്ഥാന അസോസിയേഷനുകളുമായി സഹകരിച്ച് മൂന്നാം ഡിവിഷന് ലീഗ് ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്. ഏകീകൃത ലീഗ് ആരംഭിക്കുന്നതിനായി ലീഗ് ട്രാന്സിഷന് കമ്മിഷനെ നിയമിക്കണം. ലീഗ് ആരംഭിച്ചാല്‍ നടത്തിപ്പിനായി പ്രത്യേക സംവിധാനമുണ്ടാക്കണം.
ലീഗ് ചാമ്പ്യന്മാര്ക്ക് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗിലും ഒന്ന്, രണ്ട് ഡിവിഷനുകളിലെ മുഴുവന്‍ ടീമുകളും മൂന്നാം ഡിവിഷന് ചാമ്പ്യന്മാരും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിലെ വിജയി എ.എഫ്.സി. കപ്പിലും മത്സരിക്കണം. സംസ്ഥാന അസോസിയേഷനുകളുടെ പ്രവര്‍ത്തനനിലവാരം ഉറപ്പാക്കണമെന്നും അല്ലാത്തവയ്ക്ക് സാമ്പത്തിക സഹായം അടക്കമുള്ളവ നല്‍കരുതെന്നും നിര്‍ദേശിക്കുന്നു. കളിക്കാരുടെ വേതന വ്യവസ്ഥകള്‍ സുതാര്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.
എ.എഫ്.സി ഏഷ്യ - യൂറോപ്പ് വിഭാഗം തലവന്‍ അലക്സ് ഫിലിപ്പ്, ഫിഫയുടെ ഫുട്ബോള്‍ കണ്‍സള്‍ട്ടന്റ് നിക്ക് കൗവാര്ഡ് എന്നിവര്‍ ചേര്‍ന്നാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
Content Highlights: AIFF says Fifa, AFC recommendations will take a while to be implemented