Photo: twitter.com/IndianFootball
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സ് ടീമിനെതിരെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ കടുത്ത അച്ചടക്കനടപടി. ടീമിന് നാല് കോടി രൂപ പിഴ വിധിച്ചു. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താനും ക്ലബ്ബിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ആറ് കോടി രൂപ പിഴയടയ്ക്കണം.
വുകോമാനോവിച്ചും പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസ്സിങ് റൂമില്‍ വരെ പ്രവേശനവിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിര്‍ദേശം. അച്ചടക്കനടപടി ഒരാഴ്ചക്കുള്ളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച ഫെഡറേഷന്‍ അച്ചടക്കസമിതി, അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇതോടെ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ടീമിനൊപ്പമുണ്ടാകാനിടയില്ല.
മാര്‍ച്ച് മൂന്നിന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.
ഇന്ത്യയില്‍ തന്നെ ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബര്‍ ഒമ്പതിന് കൊല്‍ക്കത്തയില്‍ നടന്ന ഈസ്റ്റ് ബംഗാള്‍ - മോഹന്‍ ബഗാന്‍ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹന്‍ ബഗാന്റെ 12 പോയന്റ് വെട്ടിക്കുറയ്ക്കുകയും രണ്ട് കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
Content Highlights: aiff fines Kerala Blasters 4 crores for Bengaluru FC walkout
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..