ന്യൂഡല്‍ഹി: മോഹന്‍ ബഗാനെ ജേതാക്കളായി പ്രഖ്യാപിച്ച് 2019-20 ഐ-ലീഗ് സീസണ്‍ അവസാനിപ്പിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) തീരുമാനിച്ചു. ഐ-ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് സുബ്രതാ ദത്തയുടെ നേതൃത്വത്തിലായിരുന്നു യോഗം.

ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയായ ഒരു കോടി രൂപ ബഗാന് ലഭിക്കും. മറ്റ് സ്ഥാനക്കാര്‍ക്കുള്ള 1.25 കോടി രൂപ ബാക്കിവരുന്ന 10 ടീമുകള്‍ക്കും തുല്യമായി വീതിക്കും. രണ്ട് (60 ലക്ഷം), മൂന്ന് (40 ലക്ഷം), നാല് (25 ലക്ഷം) എന്നിങ്ങനെയാണ് സമ്മാനത്തുക.

കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് 14-നാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. 16 കളിയില്‍ നിന്ന് 39 പോയന്റുമായി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബഗാന്‍. ഈ സീസണില്‍ തരംതാഴ്ത്തല്‍ ഉണ്ടാകില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 28 മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ലീഗ് ഉപേക്ഷിക്കുന്നത്.

Content Highlights: AIFF decided to called off I-League season Mohun Bagan declared champions, lock down, Covid 19, Corona Outbreak