ഫോട്ടോ: ബി.മുരളീകൃഷ്ണൻ, മാതൃഭൂമി
ന്യൂഡല്‍ഹി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെയും അപ്പീല്‍ തള്ളി അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.ഐ.ഐ.എഫ്). ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി രൂപ പിഴയിട്ടിരുന്നു. ഈ നടപടിയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് അപ്പീല്‍ നല്‍കിയത്.
അക്ഷയ് ജെയ്റ്റി തലവനായ അപ്പീല്‍ കമ്മിറ്റിയാണ് അപ്പീല്‍ തള്ളിയത്. മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ച പരിശീലകന്‍ വുകുമനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയായി വിധിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് പരിശീലകന് വിലക്കും ലഭിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലും എ.ഐ.ഐ.എഫ്. തള്ളി.
ഇതോടെ വരുന്ന രണ്ടാഴ്ചയ്ക്കകം ബ്ലാസ്‌റ്റേഴ്‌സും വുകുമനോവിച്ചും പിഴയായി ലഭിച്ച തുക അടയ്ക്കണം. മാര്‍ച്ച് 31 നാണ് എ.ഐ.ഐ.എഫ്. അച്ചടക്ക സമിതി ക്ലബ്ബിന് ശിക്ഷ വിധിച്ചത്. പരസ്യമായി മാപ്പുപറയണമെന്നും അച്ചടക്ക സമിതി നിര്‍ദേശിച്ചു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ബ്ലാസ്റ്റേഴ്‌സ് ആറുകോടി രൂപയും വുകുമനോവിച്ച് 10 ലക്ഷം രൂപയും പിഴയായി ഒടുക്കേണ്ടിവരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. മാപ്പുപറഞ്ഞതോടെയാണ് പിഴത്തുക കുറച്ചത്.
പ്ലേ ഓഫ് മത്സരത്തിനിടെ എക്‌സ്ട്രാ ടൈമില്‍ ബെംഗളൂരു നേടിയ വിവാദഗോളിനെത്തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്. താരങ്ങള്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് തന്നെ ബെംഗളൂരുവിനായി നായകന്‍ സുനില്‍ ഛേത്രി ഫ്രീകിക്കെടുത്ത് അത് ഗോളാക്കി മാറ്റി. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു.ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ മടങ്ങിവരാത്തതോടെ മത്സരം അവസാനിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: AIFF Appeal Committee rejects appeals by Kerala Blasters and Ivan Vukumanović
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..