-
ബാഴ്സലോണ: ക്ലബ്ബ് വിടാൻ താത്‌പര്യം പ്രകടിപ്പിച്ചതിനു പിന്നാലെ പുതിയ പരിശീലകൻ റൊണാൾഡ് കോമാനു കീഴിലെ ബാഴ്സലോണയുടെ ആദ്യ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന് ലയണൽ മെസ്സി.
പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച താരങ്ങൾക്കെല്ലാം മെഡിക്കൽ ടെസ്റ്റ് നടത്താൻ ബാഴ്സലോണ തീരുമാനിച്ചിരുന്നു. ഇതിലും മെസ്സി പങ്കെടുത്തിരുന്നില്ല.
പ്രാദേശിക സമയം വൈകീട്ട് 5.30-ന് ആരംഭിച്ച പരിശീലന സെഷനായി മറ്റ് താരങ്ങളെല്ലാം എത്തിയപ്പോൾ മെസ്സി മാത്രം വിട്ടുനിന്നു. നേരത്തെ തന്നെ ക്ലബ്ബ് വിടാൻ തീരുമാനിച്ചതിനാൽ മെസ്സി പരിശീലനത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് താരത്തിന്റെ അഭിഭാഷകരുടെ പ്രതികരണം.
അതേസമയം മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണു ബാഴ്സ. മെസ്സിയാകട്ടെ നിലപാടിൽ മാറ്റമില്ലാതെ തുടരുകയുമാണ്.
2017-ൽ പുതുക്കിയ കരാർ പ്രകാരം മെസ്സിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാൻ മെസ്സിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് മെസ്സി ഇപ്പോൾ ക്ലബ്ബ് വിടാൻ താത്‌പര്യമറിയിച്ച് കത്തയച്ചിരിക്കുന്നത്.
പക്ഷേ ഇത്തരത്തിൽ മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം അതിനായി ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂൺ പത്തോടെ ഈ കരാർ വ്യവസ്ഥ അവസാനിച്ചെന്നുമാണ് ബാഴ്സയുടെ നിലപാട്. ഇതു പ്രകാരം 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നാണ് ക്ലബ്ബിന്റെ നിലപാട്.
ക്ലബ്ബ് വിടണമെങ്കിൽ ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്ന ക്ലബ്ബിന്റെ നിലപാടിനെതിരേ മെസ്സിയുടെ മറുവാദവുമുണ്ട്.
കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ഈ ഓഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: After skipping medical test Lionel Messi skips first Barcelona training
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..