അഖബ: എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള വനിതകള്‍ക്ക് വിജയത്തോടെ മടക്കം. ഗോകുലത്തിന്റെ അവസാന മത്സരത്തില്‍ ഉസ്‌ബെകിസ്താന്‍ ക്ലബായ ബുണ്യോദ്കറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്.

രണ്ടു ക്ലബ്ബുകളും ടൂര്‍ണമെന്റില്‍ നിന്ന് ഇതിനകം തന്നെ പുറത്തായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ഇരു ടീമുകള്‍ക്കും അഭിമാനത്തിനായുള്ള പോരാട്ടമായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ഗോകുലത്തിന്റെ ആദ്യ ജയമായിരുന്നു.

33-ാം മിനിറ്റില്‍ എല്‍ഷാദായി ആണ് ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയത്. മനീഷ കല്യാണ്‍ ലീഡ് ഇരട്ടിയാക്കി. ഇതിനിടെ ബുണ്യോദ്കര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. കരേനിലൂടെ ഗോകുലം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിരുന്നു. അതേ സമയം ഏഷ്യന്‍ തലത്തില്‍ ഒരു ഇന്ത്യന്‍ വനിതാ ക്ലബിന്റെ ആദ്യ വിജയമാണിത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഗോകുലം കേരളം ചരിത്രം സൃഷ്ടിച്ചിരുന്നു.