ഇറാനെതിരായ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം | Photo: twitter/indian football
മുംബൈ: ടീമില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് എഎഫ്‌സി വനിതാ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചൈനീസ് തായ്‌പെയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറി. കളിക്കാന്‍ 13 താരങ്ങളെ സജ്ജമാക്കണമെന്നാണ് നിയമം. 11 താരങ്ങളെ പ്ലെയിങ് ഇലവനിലും രണ്ട് താരങ്ങളെ റിസര്‍വ് ആയും നിര്‍ത്തണം. എന്നാല്‍ പലരുടേയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് അയതോടെ ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ഇന്ത്യന്‍ ടീം അധികൃതര്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി അറിയിച്ചത്. ആ സമയം ചൈനീസ് തായ്‌പെയ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി വാം അപ് തുടങ്ങിയിരുന്നു. ഇതോടെ ചൈനീസ് തായ്‌പെയിക്ക് വാക്ക് ഓവര്‍ ലഭിച്ചു. ഇന്ത്യയുടെ വിലപ്പെട്ട മൂന്നു പോയിന്റും നഷ്ടമായി.
ഇനി ബുധനാഴ്ച്ച ചൈനയ്‌ക്കെതിരേയാണ് ഇന്ത്യയുടെ മത്സരം. താരങ്ങള്‍ ഐസൊലേഷനില്‍ തുടരുന്നതിനാല്‍ ആ മത്സരവും കളിക്കാന്‍ ഇന്ത്യക്കാകില്ല. ഇതോടെ ഇന്ത്യന്‍ വനിതകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാനാണ് സാധ്യത. ഇനി ഈ മത്സരങ്ങള്‍ എഎഫ്‌സി അധികൃതര്‍ വീണ്ടും നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് നേരിയ സാധ്യതയുള്ളു. നേരത്തെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇറാന്‍ ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
ഇറാനെതിരായ മത്സരത്തിന് മുമ്പുതന്നെ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ദീര്‍ഘകാലമായി ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കടുത്ത നിരാശയാണ് കോവിഡ് സമ്മാനിച്ചത്. ഇന്ത്യന്‍ ടീം തകര്‍ന്നിരിക്കുകയാണെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
Content Highlights: AFC Women's Asian Cup: India's Game Against Chinese Taipei Called Off After COVID-19 Outbreak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..