ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ മലയാളി താരം അനസ് എടത്തൊടികയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ് എഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വീറ്ററില്‍ കുറിച്ച വാചകങ്ങള്‍ ശ്രദ്ധേയമാകുന്നു. 2023-ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള മണ്‍ഡേ മോട്ടിവേഷന്‍ എന്ന പോസ്റ്റിലാണ് അനസിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്.

'ഓട്ടോറിക്ഷ ഡ്രൈവറായി തുടങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെത്തി സ്വപ്നസാക്ഷാത്കാരം കൈവരിച്ച മലപ്പുറത്തുകാരന്‍' എന്ന വാചകത്തോടെയാണ് എ.എഫ്.സി അനസിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. 

മലപ്പുറം കൊണ്ടോട്ടിക്കാരനായ അനസ് വീട്ടിലെ പ്രാരാബ്ദം മൂലം ഓട്ടോറിക്ഷ ഡ്രൈവറായാണ് ജീവിതം തുടങ്ങിയത്. ഒഴിവുസമയങ്ങളില്‍ സ്ഥിരമായി സെവെന്‍സ് കളിക്കാന്‍ പോകും. അങ്ങനെ പുല്‍മൈതാനങ്ങളില്‍ കഴിവ് തെളിയിച്ചാണ് താരം ഒടുവില്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. 

ഇന്ത്യയ്ക്ക് വേണ്ടി 21 മത്സരങ്ങളില്‍ ബൂട്ടുകെട്ടാന്‍ അനസിന് സാധിച്ചു. 2019 ജനുവരി 15 ന് ബഹ്‌റൈനെതിരായ മത്സരത്തിനുശേഷം അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു. മുംബൈ എഫ്.സി, പുണെ എഫ്.സി, മോഹന്‍ ബഗാന്‍, ജംഷേദ്പുര്‍ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, എ.ടി.കെ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും അനസ് കളിച്ചിട്ടുണ്ട്. നിലവില്‍ എ.ടി.കെ മോഹന്‍ബഗാനിലാണ് താരം കളിക്കുന്നത്. 

Content Highlights: AFC shares the life of Indian Footballer  Anas Edathodika