ബെംഗളൂരു: അറബിനാട്ടിലെ അങ്കത്തില്‍ പുതുചരിത്രം രചിക്കാന്‍ നീലപ്പട ഒരുങ്ങി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി.) ഏഷ്യ കപ്പ് ഫൈനലില്‍ കളിക്കുന്നതിനായി ബെംഗളൂരു എഫ്.സി. ടീം ബുധനാഴ്ച രാത്രി ദോഹയില്‍ എത്തി. ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ട് മുംബൈ വഴിയാണ് ദോഹയിലെത്തിയത്.

ശനിയാഴ്ച ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ ഇറാഖ് എയര്‍ഫോഴ്സ് ക്ലബ്ബുമായാണ് ഫൈനല്‍. ടീമില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വിജയകിരീടം ചൂടി മടങ്ങിയെത്തുമെന്നും ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പ് നായകന്‍ സുനില്‍ ഛേത്രി മാതൃഭൂമിയോടു പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രധാനമത്സരമാണിതെന്നും രാജ്യം ആഗ്രഹിക്കുന്ന വിജയം നേടാന്‍ കഴിയുമെന്നും ഛേത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

മലയാളത്തിന് അഭിമാനമായി രണ്ടുതാരങ്ങള്‍ ടീമിലുണ്ട്. കണ്ണൂര്‍ സ്വദേശി മുന്നേറ്റനിരയിലെ താരം സി.കെ. വിനീതും തൃശ്ശൂര്‍ സ്വദേശി പ്രതിരോധനിരയിലെ വിശ്വസ്തന്‍ റിനോ ആന്റോയും. ഫൈനലിലേക്കുള്ള യാത്രയില്‍ ബെംഗളൂരുവിന് കരുത്തുപകര്‍ന്ന ഇരുവരും അന്തിമ ഇലവനിലുണ്ടാകും.

ടീം ദോഹയിലെത്തിയപ്പോള്‍

 

ഇറാഖ് എയര്‍ഫോഴ്സ് ക്ലബ്ബിന്റെ ഹോംഗ്രൗണ്ട് ദോഹയിലെ മൈതാനത്ത് എത്തുന്ന മലയാളി ആരാധകര്‍ ടീമിന് ഊര്‍ജംപകരുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. ദോഹയിലെ ഫുട്ബോള്‍ പ്രേമികളെ മത്സരം കാണാന്‍ ക്ഷണിച്ചുകൊണ്ട് റിനോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.

ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ കാണികള്‍ ഫൈനല്‍ പ്രവേശനത്തിനു കരുത്തുപകര്‍ന്നുവെന്ന് റിനോ മാതൃഭൂമിയോട് പറഞ്ഞു. ശനിയാഴ്ച ദോഹയിലെ 90 മിനിറ്റ് മാത്രമാണ് ഇനി മുന്നില്‍. വിജയത്തില്‍കുറഞ്ഞ് മറ്റൊരു ലക്ഷ്യവുമില്ലെന്ന് വിനീതും പറഞ്ഞു.

എ.എഫ്.സി. കപ്പില്‍ മുത്തമിട്ട് ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാനുള്ള തിടുക്കത്തിലാണ് ഇരുവരും. എട്ടിനു കൊച്ചിയില്‍ നടക്കുന്ന എഫ്.സി. ഗോവ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകുമെന്ന് പ്രതീക്ഷ ഇരുവരും പങ്കുവെച്ചു.

ദോഹയില്‍ കളി കാണാനെത്തുമെന്ന് അറിയിച്ച് ഒട്ടേറെയാളുകള്‍ റിനോയുടെയും വിനീതിന്റെയും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സന്ദേശം അയ്ക്കുന്നുണ്ട്. ബെംഗളൂരുവിലെ ആരാധാകരും ദോഹയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ബെംഗളൂരു ഫുട്ബോള്‍ മൈതാനത്ത് നാലു മണിക്കൂര്‍ പരിശീലനം നടത്തിയശേഷമാണ് ടീം ഉച്ചതിരിഞ്ഞ് പുറപ്പെട്ടത്. തുടര്‍ച്ചയായി രണ്ടു മഞ്ഞകാര്‍ഡ് കണ്ട ഒന്നാം നമ്പര്‍ ഗോളി അമരീന്ദര്‍സിങ് ഫൈനലില്‍ ഇറങ്ങുന്നില്ല.

പകരം ലാല്‍തും മാവിയ റാള്‍ട്ടെ ആയിരിക്കും ബെംഗളൂരു കാവല്‍ക്കാരന്‍. മാവിയ ഫൈനല്‍ മത്സരത്തിനു തയ്യാറായി കഴിഞ്ഞതായി പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്ക പറഞ്ഞു. റാള്‍ട്ടെ ഒരാഴ്ചയായി കഠിന പരിശീലനത്തിലായിരുന്നുവെന്ന് റോക്ക പറഞ്ഞു.

ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എ.എഫ്.സി ഏഷ്യ കപ്പ് ഫൈനലില്‍ കളിക്കുന്നത്. ശനി വൈകിട്ട് 5.30 ന് മത്സരം തുടങ്ങും. സെമിയില്‍ നിലവിലെ ജേതാക്കളായ മലേഷ്യ ജെ.ഡി.ടി. എഫ്.സി.യെ കീഴ്പ്പെടുത്തിയാണ് ബെംഗളൂരു കിരീടപോരാട്ടത്തിന് എത്തുന്നത്. രണ്ടു പാദങ്ങളിലായി നടന്ന സെമിയില്‍ 4-2 ആയിരുന്നു സ്‌കോര്‍.

ഇറാഖ് എയര്‍ഫോഴ്സ് ക്ലബ്ബിന്റെ ഹോംഗ്രൗണ്ട് എന്നനിലയിലാണ് ദോഹയെ ഫൈനലിന് തിരഞ്ഞെടുത്തത്. ഇറാഖില്‍ നിലവിലുള്ള സാഹചര്യത്തില്‍ മത്സരം നടത്താന്‍ കഴിയാത്തതിനാലാണ് ഇറാഖി ക്ലബ്ബ് അവരുടെ ഹോംഗ്രൗണ്ടായി ദോഹ തിരഞ്ഞെടുത്തത്.

ഇറാഖിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബാണ് 1931-ല്‍ സ്ഥാപിതമായ അല്‍ ഖുവ അല്‍ ജാവിയ എന്ന എയര്‍ഫോഴ്സ് ക്ലബ്ബ്. ഇറാഖ് എഫ്.എ. കപ്പിലും ഇറാഖി പ്രീമിയം ലീഗിലും ടീം പലതവണ ജേതാക്കളായി. മധ്യനിരതാരം ഹെയ്താം ഖാദിമാണ് നായകന്‍. ഇറാഖ് മുന്‍ ദേശീയതാരം സമിര്‍ ഖാദിം ഹസനാണ് പരിശീലകന്‍.