ദോഹ: ഇന്ത്യന്‍ പ്രതീക്ഷകള്‍ ഒരൊറ്റ ഗോളിന് തകര്‍ത്ത് ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബ് ചരിത്രത്തിലാദ്യമായി എ.എഫ്.സി കപ്പ് കിരീടം ചൂടി. 71ാം മിനിറ്റില്‍ ഹമ്മാദി അഹ്മദാണ് ബെംഗളൂരു എഫ്.സിയുടെ നെഞ്ചകം പിളര്‍ത്ത ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഇരുടീമുകളും മെനഞ്ഞെടുത്തെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബ് കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ബെംഗളൂരു എഫ്.സിയുടെ ഗോള്‍ കീപ്പര്‍ റാള്‍ട്ടെയുടെ ഇടപെടല്‍ കൊണ്ട് മാത്രം ഗോളെന്നുറച്ച പല അവസരങ്ങളും എയര്‍ഫോഴ്‌സ് ക്ലബ്ബിന് നഷ്ടപ്പെട്ടു. പക്ഷേ 71ാം മിനിറ്റില്‍ ഇതിനെല്ലാം എയര്‍ഫോഴ്‌സ് ക്ലബ്ബ് പകരം വീട്ടി. ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് ഫാല്‍ക്കണുകള്‍ വിജയഗോള്‍ കുറിച്ചു

bengaluru fc
മത്സരത്തിനിടയിൽ നിന്ന്

ബെംഗളൂരുവിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ച് അംജദ് റാദിയും ഹമ്മാദി അഹ്മദും നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. അംജദ് റാദി പെനാല്‍റ്റി ബോക്‌സില്‍ നിന്ന് പന്ത് ഹമ്മാദി അഹ്മദിന് നല്‍കി. ബെംഗളൂരുവിന്റെ മൂന്ന് ഡിഫന്‍ഡേഴ്‌സിനെ മറികടന്നായിരുന്നു അംജദ് റാദിയുടെ പാസ്സ്. ആ പാസ്സ് പിടിച്ചെടുത്ത ഹമ്മാദിക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ റാള്‍ട്ടെയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തി. ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായ ഹമ്മാദി നേടുന്ന 16ാം ഗോളായിരുന്നു അത്.

ഗോള്‍ വീണ ശേഷവും എയര്‍ഫോഴ്‌സ് ക്ലബ്ബ് ആക്രമണം തുടര്‍ന്നു. ബെംഗളൂരുവിന്റെ നെഞ്ചിടിപ്പേറ്റി അംജദ് റാദിയും ഹമ്മാദി അഹ്മദും നിരന്തരം മുന്നേറ്റങ്ങളൊരുക്കി. 87ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഫ്രീ കിക്കില്‍ മലയാളി താരം സി.കെ വിനീതിന് ഗോളടിക്കാന്‍ മികച്ച അവസരം വന്നു. 30 വാര അകലെ നിന്നെടുത്ത ഫ്രീ കിക്കില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സി.കെ വിനീതിന് പക്ഷേ പന്ത് കണക്റ്റ് ചെയ്യാനായില്ല.

bengaluru fc
മത്സരത്തിനിടയിൽ നിന്ന്

കളിയുടെ ഇഞ്ചുറി ടൈമില്‍ ബെംഗളൂരു എഫ്.സി സമനില ഗോളിന് നിരന്തരം ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം എയർഫോഴ്സ് ക്ലബ്ബ് സ്‌ട്രൈക്കര്‍ ഹമ്മാദി അഹ്മദ് നേടി. ഫെയര്‍ പ്ലേ അവാര്‍ഡ് ബെംഗളൂരു എഫ്.സിയും സ്വന്തമാക്കി.

കിരീടവുമായി ഇറാഖ് എയർഫോഴ്സ് ടീം

റണ്ണേഴ്സ്അപ്പായ ബെംഗളൂരു എഫ്.സി

ലൈവ് അപ്‌ഡേറ്റ്‌സ്