Photo: twitter.com
കോഴിക്കോട്: ഏഷ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് നല്കിയ ഇളവിന്റെ കാലാവധി കഴിഞ്ഞതോടെ അടുത്ത സീസണിലേക്ക് പുതിയ നീക്കവുമായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്). ഇന്ത്യന്‍ സൂപ്പര്‍ലീഗ്, ഐ ലീഗ് എന്നിവയ്ക്കൊപ്പം സൂപ്പര്‍കപ്പിനെ ലീഗ് കപ്പാക്കി മാറ്റി എ.എഫ്.സി. ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേണ്ട മത്സരങ്ങളുടെ എണ്ണം തികയ്ക്കാനാണ് തീരുമാനം. ഇക്കാര്യം ക്ലബ്ബുകളെ ഫെഡറേഷന് അറിയിച്ചു.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ചട്ടപ്രകാരം ഒരു സീസണില്‍ 27 ലീഗ് മത്സരങ്ങളെങ്കിലും കളിച്ചാല്‍ മാത്രമെ എ.എഫ്.സി.യുടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയൂ. ഐ.എസ്.എല്‍. ഷീല്‍ഡ് ജേതാക്കള്‍ ചാമ്പ്യന്‍സ് ലീഗിലും ഐ.എസ്.എല്‍. ജേതാക്കളും ഐ ലീഗ് ചാമ്പ്യന്മാരും എ.എഫ്.സി കപ്പിലുമാണ് നിലവില്‍ കളിക്കുന്നത്. 2023-24 സീസണില്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എ.എഫ്.സി. ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കണമെങ്കില്‍ 2022-2023 ആഭ്യന്തരലീഗില്‍ 27 മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ലീഗിലും ഐ ലീഗിലും അത്രയും മത്സരങ്ങള്‍ കളിക്കാനില്ലാത്തതിനാല്‍ സൂപ്പര്‍കപ്പിനെ ലീഗ് കം നോക്കൗട്ട് ടൂര്‍ണമെന്റാക്കി അതിലെ മത്സരങ്ങളുംചേര്ത്ത് 27 തികയ്ക്കാനാണ് നീക്കം. ചട്ടപ്രകാരം ഇത് അനുവദനീയമാണ്. ഐ.എസ്.എലിലെ ലീഗ് റൗണ്ടില്‍ നിലവില്‍ ഒരു ടീമിന് 20 മത്സരങ്ങള്‍ മാത്രമാണ് കളിക്കാനുള്ളത്. പ്ലേ ഓഫ് ഘട്ടത്തിലെ മത്സരങ്ങള്‍ എ.എഫ്.സി. കണക്കിലെടുക്കില്ല. ഐ ലീഗിലും മത്സരങ്ങളുടെ കുറവുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് മത്സരങ്ങളുടെ എണ്ണത്തില്‍ ഫെഡറേഷന് എ.എഫ്.സി. ഇളവനുവദിച്ചിരുന്നത്.
സൂപ്പര്‍ലീഗില്‍ അടുത്ത സീസണില്‍ രണ്ട് ടീമുകളെകൂടി ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. ടീമുകളുടെ എണ്ണം 13 ആയി ഉയര്‍ന്നാലും മത്സരങ്ങളുടെ എണ്ണം 24 ആവുകയേയുള്ളു. സൂപ്പര്‍കപ്പില്‍ ഐ.എസ്.എലിലേയും ഐ ലീഗിലേയും ആദ്യ നാലു ടീമുകളെ ഉള്‍പ്പെടുത്തിയാകും നടത്തുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടീമുകളെ എണ്ണം വര്‍ധിപ്പിച്ച് എ.എഫ്.സി.യുടെ ചട്ടപ്രകാരമുള്ള മത്സരങ്ങളിലേക്ക് എത്തിക്കാമെന്നാണ് എ.ഐ.എഫ്.എഫ്. കണക്കുകൂട്ടുന്നത്.
Content Highlights: afc Club Championship AIFF with new move to increase matches
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..