രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തിമാരുടെ കഥകള്‍ ധാരാളമുണ്ട്. കൂടുതല്‍ വെട്ടിപ്പിടിക്കാനുള്ള നെട്ടോത്തിനിടയില്‍ കാല്‍ച്ചുവട്ടിലെ മണ്ണുകൂടി നഷ്ടമായവര്‍. ഇത് അത്തരമൊരു ചക്രവര്‍ത്തിയുടെ കഥയല്ല. സ്വന്തം പിഴവുകള്‍കൊണ്ട് മാത്രം കിരീടം നഷ്ടപ്പെട്ട ഫുട്‌ബോളിലെ ചക്രവര്‍ത്തിയുടെ സമാനതകളില്ലാത്ത ദുരന്ത കഥയാണ്. ഒരര്‍ഥത്തില്‍ കായികലോകം കണ്ട ഏറ്റവും വലിയ ദുരന്തം-അഡ്രിയാനോയുടെ ജീവിതം.

ചേരിയില്‍ നിന്നും സൂപ്പര്‍താരത്തിലേക്ക് 

ഇതിഹാസ താരം പെലെയടക്കം ബ്രസീലിലെ സൂപ്പര്‍ താരങ്ങളെല്ലാം അവിടുത്തെ ഫവേലകളുടെ (ചേരികളുടെ) സന്താനങ്ങളാണ്. അഡ്രിയാനോയുടെയും തുടക്കം ഫവേലയില്‍ സമപ്രായക്കാര്‍ക്കൊപ്പം തുണിപ്പന്തു തട്ടിയാണ്. അവിടെ നിന്നും ഫഌമിംഗോ വഴി കരിയറിന്റെ തുടക്കം. പക്ഷേ 2001ല്‍  ഇറ്റലിയിലെത്തിയതോടെയാണ് അഡ്രിയാനോ വരവറിയിച്ചത്.

പത്തൊമ്പതാം വയസ്സില്‍ ഇന്റര്‍ മിലാനില്‍ ചേര്‍ന്ന താരത്തെ അവര്‍ ഫിയോറന്റീനോയ്ക്കു നല്‍കി. ഒരുവര്‍ഷത്തിനുശേഷം പാര്‍മയിലേക്ക്. അവിടെയെല്ലാം ഗോള്‍വേട്ടക്കാരനായ സ്‌ട്രൈക്കറെന്ന കയ്യൊപ്പു ചാര്‍ത്തിയ അഡ്രിയാനോയ്ക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ വരവറിയിക്കാന്‍ കിട്ടിയ അവസരമായിരുന്നു 2004ല്‍ പെറുവില്‍ നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് .

സൂപ്പര്‍താരം ജനിക്കുന്നു

കോപ്പ ബ്രസീലിനോ അതോ അര്‍ജന്റീനയ്‌ക്കോ? ടൂര്‍ണമെന്റിനു പന്തുരുളുമ്പോഴത്തെ പതിവു ചോദ്യം തന്നെയായിരുന്നു അക്കുറിയും. പ്രതീക്ഷിച്ചതുപോലെ കലാശക്കളിയില്‍ ഇരുവരും മുഖാമുഖം വന്നു. നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റുമാത്രം ശേഷിക്കെ ഡെല്‍ഗാഡോ നേടിയ ഗോളില്‍ അര്‍ജന്റീന 2-1ന് കിരീടത്തില്‍ കൈപ്പിടിക്കാനൊരുങ്ങിയതാണ്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഡ്രിയാനോ നേടിയ ഗോള്‍ ബ്രസീലിന്റെ ജീവന്‍ നീട്ടിക്കൊടുത്തു. ടൂര്‍ണമെന്റില്‍ അഡ്രിയാനോയുടെ ഏഴാം ഗോളായിരുന്നു അത്.

തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ബ്രസീല്‍ 4-2ന് ജയിച്ചതോടെ ഏഴാം കോപ്പ കിരീടം കാനറികള്‍ സ്വന്തമാക്കി. ഷൂട്ടൗട്ടിലെ  ബ്രസീലിന്റെ ആദ്യ കിക്ക് വലയിലെത്തിച്ച് അഡ്രിയാനോ ഒരിക്കല്‍ക്കൂടി ടീമിന്റെ ആണിക്കല്ലാവുകയും ചെയ്തു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോര്‍ക്കൊപ്പം മികച്ച താരവുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫുട്‌ബോള്‍ ലോകത്തെ യഥാര്‍ഥ ചക്രവര്‍ത്തിയായി അഡ്രിയാനോ മാറി. ബ്രസീലിയിന്‍ ഫുട്‌ബോളിനെ വര്‍ഷങ്ങളോളം മുന്നോട്ടു നയിക്കാനുള്ള പ്രതിഭ അന്നത്തെ 22 കാരനുണ്ടെന്ന് വിദഗ്ധര്‍ വാഴ്ത്തി.

ചക്രവര്‍ത്തിയാക്കിയ ഘടകങ്ങള്‍

ഇറ്റലിയില്‍ ഫിയോറന്റീനോയ്ക്കും പാര്‍മയ്ക്കും ഇന്ററിനുമായി നടത്തിയ പ്രകടനമാണ് ചക്രവര്‍ത്തിയെന്ന വിളിപ്പേര് അഡ്രിയാനോയ്ക്കു സമ്മാനിച്ചത്. സ്വഭാവികമായ പ്രതിഭയും കരുത്തും വേഗവും സാങ്കേതികമികവും ഒപ്പം നാശം വിതയ്ക്കുന്ന ഒരു ഇടങ്കാലുമുണ്ടായാല്‍ അഡ്രിയാനോയായി. ഫുട്‌ബോള്‍ ലോകം അന്നു കണ്ട വിനാശകാരിയായ സ്‌ട്രൈക്കര്‍. എതിര്‍ പ്രതിരോധനിരക്കാരുടെ പേടിസ്വപ്നം. അഡ്രിയാനോ കളിക്കളം അടക്കിഭരിക്കുന്നതുകണ്ട,് ഇറ്റലിക്കാര്‍ മനസ്സറിഞ്ഞു നല്‍കിയ പേരാണ് ചക്രവര്‍ത്തിയെന്നത്.അതേ ഫുട്‌ബോള്‍ ലോകത്തെ അന്നത്തെ യഥാര്‍ഥ ചക്രവര്‍ത്തി തന്നെയായിരുന്നു അദ്ദേഹം.

നഷ്ടങ്ങള്‍, വീഴ്ചകള്‍ 

അഡ്രിയാനോ കളിക്കളത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ജീവിതത്തിലെ വലിയ ദുരന്തം നേരിടുന്നത്. എല്ലാമെല്ലാമായിരുന്ന അച്ഛന്‍ 2004ല്‍ മരണത്തിനു കീഴടങ്ങി. കളിക്കളത്തിനകത്തും പുറത്തും അഡ്രിയാനോയുടെ പ്രചോദനം അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ  വേര്‍പാടുമായി പൊരുത്തപ്പെടാന്‍ അഡ്രിയാനോയ്ക്കായില്ല. ദു:ഖങ്ങള്‍ മറക്കാന്‍ മദ്യത്തിലേക്ക്. അവിടെയാണ് ബ്രസീലിയന്‍ താരത്തിന്റെ പതനം തുടങ്ങുന്നത്.

തിരിച്ചടികള്‍ക്കിടയിലും 2005 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പു വരെ ഫോമിന്റെ ഉന്നതിയില്‍ തുടരാന്‍ അഡ്രിയാനോയ്ക്കായി. ബ്രസീല്‍ ചാമ്പ്യന്‍മാരായ ടൂര്‍ണമെന്റിലെ മികച്ച താരവും ടോപ് സ്‌കോററുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം പഴയ ഫോമിലേക്കുയരാനായില്ല.

adriano

പാതാളത്തിലേക്കുള്ള വീഴ്ച

ഇന്റര്‍ മിലാനൊപ്പം തുടര്‍ച്ചയായി  കിരീടങ്ങള്‍ നേടിയെങ്കിലും മദ്യപാനവും അച്ചടക്കമില്ലായ്മയും കാരണം കരിയര്‍ പ്രശ്‌നത്തിലായി. ബ്രസീല്‍ ടീമിലും ഇതു തന്നെയായി അവസ്ഥ. അച്ചടക്കമില്ലായ്മ കാരണം ഒരു സന്നാഹ മത്സരത്തില്‍ നിന്നും കോച്ച് ദുംഗ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. അച്ചടക്ക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ 2009ല്‍ ഇന്റര്‍ താരത്തെ ഒഴിവാക്കി.അതിനു മുമ്പ് കുറച്ചു കാലം സാവോ പോളോയില്‍ വായ്പയ്ക്കും കളിച്ചു.

ബ്രസീലില്‍  ഫ്ലെമിംഗോയിലേക്കായി അടുത്ത കൂടുമാറ്റം. ഒരു വര്‍ഷത്തിനുശേഷം വീണ്ടും ഇറ്റലിയിലേക്ക്. അവിടെ റോമയില്‍ പരാജയപ്പെട്ട ബന്ധം. വീണ്ടും ബ്രസീലിലേക്ക്. കൊറിന്ത്യന്‍സിലും ഫ്ഌമങോയിലും അറ്റ്‌ലറ്റിക്കോ പരനെയ്ന്‍സിലുമൊക്കെയായി അകത്തും പുറത്തുമായുള്ള വര്‍ഷങ്ങള്‍. അതിനിടെ റിയോ ഡി ജനീറോയില്‍ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിലും അഡ്രിയാനോ വിവാദത്തിലായി. ഒരു മാഫിയത്തലവനുമായുള്ള ബന്ധത്തിന്റെ പേരില്‍ താരം അകത്തു പോകേണ്ടതായിരുന്നു. തെളിവില്ലാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പത്തു വര്‍ഷം വരെ ജയില്‍ ശിക്ഷകിട്ടാവുന്ന കുറ്റമായിരുന്നു അത്.

വീണ്ടും വാര്‍ത്തകളില്‍ 

രണ്ടു വര്‍ഷമായി ഫുട്‌ബോളുമായി ബന്ധമില്ലാതിരുന്ന അഡ്രിയാനോ 2016ന്റെ തുടക്കത്തില്‍ അമേരിക്കയിലെ ലോവര്‍ ഡിവിഷന്‍ ടീമുകളൊന്നായി മയാമി യുണൈറ്റഡില്‍ ചേര്‍ന്നു. ടീമിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

പക്ഷേ മെയ് അവസാനവാരം അഡ്രിയാനോ ബ്രസീലില്‍ തിരിച്ചെത്തി.ഇതോടെ താരം അമേരിക്കയില്‍ നിന്നു വിട്ടുപോന്നതാണോയെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.അടുത്ത കാലത്തെല്ലാം ഒരു ടീമില്‍പ്പോലും അധികകാലം തുടരാതിരുന്നതായിരുന്നു ഇങ്ങനെ ഒരു സന്ദേഹത്തിന് കാരണം.എന്നാല്‍ അഡ്രിയാനോ സൗഹൃദമത്സരങ്ങളില്‍ മാത്രമേ ടീമിനു വേണ്ടി കളിക്കൂ എന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.

വീണ്ടും കോപ്പയെത്തിയപ്പോള്‍ 

നെയ്മറുടെ അഭാവത്തില്‍ ഗോളടിക്കാന്‍ ആളില്ലാതെ ശതാബ്ദി കോ്പ്പയില്‍ നിന്നും ബ്രസീല്‍ കണ്ണീരും കയ്യുമായി മടങ്ങി.പെലെയയുടെയും ഗരിഞ്ചയയുടെയും ദിദിയുടെയുമൊ്‌ക്കെ മാസ്മരികതയെക്കുറിച്ച് വായിച്ചുള്ള അറിവേയുള്ളു.കണ്‍മുന്നിലെ ടി.വി.സ്‌ക്രീനില്‍ സീക്കോയും സോക്രട്ടീസും റൊമേരിയോയും ബെബറ്റോയും റിവാള്‍ഡോയും റൊണാള്‍ഡോയും റൊണാള്‍ഡീന്യോയുമൊക്കെ അരങ്ങു തകര്‍ക്കുന്നത് ഓര്‍മകളില്‍ ഇപ്പോഴും പച്ചപ്പോടെയുണ്ട്. അവര്‍ക്കൊപ്പം 2004ലെ കോപ്പ അമേരിക്കയില്‍ കളം വാണ  അഡ്രിയാനോ എന്ന 'പാറ്റന്‍ ടാങ്കിന്റെ ' ചിത്രവുമുണ്ട്.

2004 ജൂലായിലെ ഒരു മഴക്കാലത്തെ തിങ്കളാഴ  പുലര്‍ച്ച.ലിമയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ കോപ്പ കിരീടത്തിനായി ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്നു.ടി.വി.സ്‌ക്രീനില്‍ ആവേശ നിമിഷങ്ങള്‍ .ഇരുടീമുകളും ഓരോ ഗോളടിച്ച് കളി എക്‌സ്ട്രാ ടൈമിലേക്ക് പോകുമെന്നു കരുതി. അവാസന എഡീഷനു മുമ്പ് വാര്‍ത്ത പത്രത്തില്‍ കൊടുക്കാമെന്ന പ്രതീക്ഷ മങ്ങുന്നു.അപ്പോഴാണ് 87-ാം മിനിറ്റില്‍ ഡെല്‍ഗാഡോ അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്.അര്‍ജന്റീനയ്ക്ക കിരീടമെന്നെഴുതി വച്ചപ്പോഴാണ് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുറ്റില്‍ അഡ്രിയാനോയുടെ ഗോള്‍ വരുന്നത്. ബ്രസീലിന്റെ പ്രതീക്ഷ ഞങ്ങള്‍ക്കു തിരിച്ചടി.ഒടുവില്‍ ഷൂട്ടൗട്ടില്‍ ബ്രസീല്‍ കിരീടത്തിലേക്ക് .വാര്‍ത്തയെഴുതി അവസാന എഡീഷനില്‍ കൊടുത്തു.

മഞ്ഞപ്പടയെ കിരീടത്തിലെത്തിച്ചശേഷം ബ്രസീല്‍ പതാകയും പുതച്ച് ചക്രവര്‍ത്തിയെപ്പോലെ നടക്കുന്ന അഡ്രിയാനോയാണ് അപ്പോള്‍ ടി.വി .സ്‌ക്രീനില്‍ . ഫുട്‌ബോള്‍ ലോകത്തെ അന്നത്തെ ചക്രവര്‍ത്തി. അവിടെ നിന്നും ഇതുപോലൊരു പതനം പ്രതീക്ഷിച്ചതേയില്ല.

അഡ്രിയാനോയുടെ പതനത്തിന് രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്ന് അച്ഛന്റെ ആകസ്മികമായ വേര്‍പാടുണ്ടാക്കിയ വേദന. ഇതിനൊപ്പം പെട്ടെന്ന് പണവും പ്രശസ്തിയുമായപ്പോള്‍ അതുമായി പൊരുത്തപ്പെടാനാകാതെ കാലിടറിയത്.സമാനതകളില്ലാത്ത ദുരന്തത്തിലൂടെ ബ്രസീലിനും ഫുട്‌ബോള്‍ ലോകത്തിനും നഷ്ടമായത് ഒരു യഥാര്‍ഥ പ്രതിഭയെയാണ്.