മിലാന്‍: തിയോ ഹെര്‍ണാണ്ടസിന്റെ ഇഞ്ചുറി ടൈം ഗോളോടെ എ.സി. മിലാനില്‍ ഹാപ്പി ക്രിസ്മസ്. സീരി എയില്‍ പരാജയമറിയാതെ, ഒന്നാം സ്ഥാനക്കാരായി എ.സി. മിലാന്‍ ഫുട്‌ബോള്‍ ക്ലബ്ബിന് ക്രിസ്മസ് ആഘോഷിക്കാം. കരുത്തരായ ലാസിയോയെ മറികടന്നാണ് മിലാന്‍ ജയം പിടിച്ചെടുത്തത് (3-2).
ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് തിയോ ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. നേരത്തേ ആന്റെ റാബിച്ച് (10), ഹകന്‍ കാല്‍ഹനോഗ്ലു (പെനാല്‍ട്ടി 17) എന്നിവരും മിലാനുവേണ്ടി സ്‌കോര്‍ ചെയ്തു. ലുയി ആല്‍ബര്‍ട്ടോ (27), സിറോ ഇമ്മൊബിലെ (59) എന്നിവര്‍ ലാസിയോക്കായി സ്‌കോര്‍ ചെയ്തു. 14 കളിയില്‍ 34 പോയന്റുമായി മിലാന്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 33 പോയന്റുമായി ഇന്റര്‍മിലാന്‍ രണ്ടാമതുണ്ട്. എ.എസ് റോമ (27), സസുവോള (26) ടീമുകള്‍ തൊട്ടുപിന്നിലും. ഒരു മത്സരം കുറച്ചുകളിച്ച നാപ്പോളിക്ക് 25 പോയന്റും യുവന്റസിന് 24 പോയന്റുമാണുള്ളത്.
യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍ തോല്‍വിയറിയാത്ത ഒരേയൊരു ടീം എ.സി. മിലാനാണ്.
ടീമിന് 14 കളിയില്‍ പത്തു ജയവും നാലു സമനിലയുമുണ്ട്. സീരി എയില്‍ അവസാനം കളിച്ച 26 കളികളില്‍ മിലാന്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഇതില്‍ 19 ജയമുണ്ട്. 2020-ല്‍ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 48 മത്സരം കളിച്ച ടീമിന് മൂന്ന് തോല്‍വി മാത്രമേയുള്ളൂ. സീരി എയില്‍ രണ്ടും യൂറോപ്പ ലീഗില്‍ ഒന്നും.
Content Highlights: AC Milan the undefeated club in five major leagues in Europe