മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ എ.സി.മിലാന് സമനിലക്കുരുക്ക്. താരതമ്യേന ദുര്‍ബലരായ സാംപ്‌ദോറിയയാണ് മിലാനെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി പിരിഞ്ഞു. 

പത്തുപേരായി ചുരുങ്ങിയിട്ടും സാംപ്‌ദോറിയയെ കീഴടക്കാന്‍ മിലാന് സാധിച്ചില്ല. ഇതോടെ ടീമിന്റെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഹോം മത്സരങ്ങളില്‍ പ്രകടിപ്പിക്കുന്ന മോശം ഫോം ഇ കളിയിലും മിലാന് തിരിച്ചടിയായി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍ മിലാനുമായുള്ള എ.സി.മിലാന്റെ പോയന്റ് വ്യത്യാസം അഞ്ചായി ഉയര്‍ന്നു.

രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 57-ാം മിനിട്ടില്‍ ഫാബിയോ ക്വാഗ്ലിയാറെല്ലയിലൂടെ സാംപ്‌ദോറിയയാണ് മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 87-ാം മിനിട്ടില്‍ ജെന്‍സ് പീറ്റര്‍ ഹൗജിലൂടെ മിലാന്‍ സമനില ഗോള്‍ നേടി. ഇബ്രഹിമോവിച്ച് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും മിലാന് വിജയം സ്വന്തമാക്കാനായില്ല.

Content Highlights: AC Milan Lose Ground With Draw Against 10-Man Sampdoria