ഓള്‍ഡ് ട്രാഫോര്‍ഡ്: യൂറോപ്പ ലീഗ് ഒന്നാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കരുത്തരായ ടോട്ടനം, ആഴ്‌സനല്‍, റോമ, വിയ്യാറയല്‍, അയാക്‌സ് തുടങ്ങിയ ടീമുകള്‍ വിജയം നേടിയപ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എ.സി.മിലാന്‍ സമനിലയില്‍ തളച്ചു.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും ഒരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. 50-ാം മിനിട്ടില്‍ യുവതാരം അമാദ് ഡയാല്ലോ നേടിയ ഗോളില്‍ യുണൈറ്റഡ് മത്സരത്തില്‍ ലീഡെടുത്തു. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ സൈമണ്‍ നേടിയ ഗോളിലൂടെ എ.സി.മിലാന്‍ സമനില പിടിച്ചു.  അടുത്ത പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം സെമിയില്‍ കടക്കും. എവേ ഗോളിന്റെ ആനുകൂല്യം മിലാന് ലഭിക്കും.

ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ സാഗ്രേബിനെ കീഴടക്കി. സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ആഴ്‌സനല്‍ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് ഒളിമ്പ്യാക്കോസിനെ കീഴടക്കി. ആഴ്‌സനലിനുവേണ്ടി മാര്‍ട്ടിന്‍, ഗബ്രിയേല്‍, മുഹമ്മദ് എല്‍നേനി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഒളിമ്പ്യാക്കോസിന്റെ ആശ്വാസഗോള്‍ യൂസഫ് എല്‍ അറബി നേടി. 

ഇറ്റാലിയന്‍ ക്ലബ്ബായ റോമ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ഷക്തര്‍ ഡോണെറ്റ്‌സ്‌കിനെ കീഴടക്കി. ലോറെന്‍സോ പെല്ലെഗ്രിനി, സ്റ്റീഫന്‍ എല്‍ ഷാറാവി, ജിയാന്‍ലുക മാന്‍സിനി എന്നിവര്‍ ഗോള്‍ നേടി. അയാക്‌സ് ഇതേ സ്‌കോറിന് യങ്‌ബോയ്‌സിനെ തോല്‍പ്പിച്ചു. 

രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 18 ന് നടക്കും.

Content Highlights: AC Milan grab last-16 edge at Manchester United as Tottenham, Arsenal shine