മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ എ.സി.മിലാന് വിജയം. വാശിയേറിയ പോരാട്ടത്തില്‍ വെറോണയെയാണ് മിലാന്‍ കീഴടക്കിയത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മിലാന്റെ വിജയം.

രണ്ടുഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ടീം മൂന്നുഗോളടിച്ച് വിജയം സ്വന്തമാക്കിയത്. 7-ാം മിനിട്ടില്‍ ജിയാന്‍ലൂക്ക ക്യാപ്രാരിയിലൂടെ വെറോണയാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ 24-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ആന്റോനിന്‍ ബറാക്ക് ടീമിന്റെ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ വെറോണ 2-0 ന് മുന്നിലെത്തി.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി മറിയുകയായിരുന്നു. ചെല്‍സിയില്‍ നിന്ന് മിലാനിലെത്തിയ സൂപ്പര്‍താരം ഒളിവര്‍ ജിറൂഡിലൂടെ 59-ാം മിനിട്ടില്‍ മിലാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ 76-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ഫ്രാങ്ക് കെസ്സിയെ മിലാന് സമനില സമ്മാനിച്ചു. 

മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും 79-ാം മിനിട്ടില്‍ വെറോണയുടെ കൊറായ് ഗണ്ടര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ കളിയുടെ ഗതിമാറ്റി. ഈ ഗോളിന്റെ ബലത്തില്‍ മിലാന്‍ വിജയം സ്വന്തമാക്കി. 

ഈ വിജയത്തോടെ മിലാന്‍ നാപ്പോളിയെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 22 പോയന്റുകള്‍ നേടിയ മിലാന്‍ ഇതുവരെ സീസണില്‍ ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ല. നാപ്പോളി ഏഴ് മത്സരങ്ങളില്‍ വിജയിച്ച് കുതിപ്പ് നടത്തുകയാണ്.

എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ ലാസിയോ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. സീറോ ഇമ്മൊബിലെ, ഫെലിപ്പെ ആന്‍ഡേഴ്‌സണ്‍, മിലിങ്കോവിച്ച് സാവിച്ച് എന്നിവര്‍ ലാസിയോയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ഇവാന്‍ പെരിസിച്ച് ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ ഇന്റര്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ലാസിയോ അഞ്ചാമതാണ്. 

Content Highlights: AC Milan goes top with comeback win over Verona in five-goal thriller