Photo: AFP
കിരീടമില്ലാതെ 11 വര്‍ഷങ്ങള്‍, മാറ്റിപ്പരീക്ഷിച്ചത് എട്ട് പരിശീലകരെ. ഒടുവില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കിരീടനേട്ടം. ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ എ.സി. മിലാന്‍ കപ്പുയര്‍ത്തുമ്പോള്‍ ഫുട്ബോള്‍പ്രേമികള്‍ ആഹ്ലാദത്തിലാണ്. വിന്റേജ് മിലാനാണ് അവര്‍ക്കുമുന്നില്‍ തെളിയുന്നത്.
ഒരുകാലത്ത് ക്ലബ്ബ് ഫുട്ബോളിലെ പ്രതാപശാലികളായിരുന്നു മിലാന്‍. ചാമ്പ്യന്‍സ് ലീഗിലും ഇറ്റാലിയന്‍ സീരി എയിലും നേട്ടങ്ങളും സൂപ്പര്‍താരങ്ങളുമായി നിറഞ്ഞ ക്ലബ്ബ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍പ്പോലും മിലാന്റെ പേരില്‍ ക്ലബ്ബുകളുണ്ടായിരുന്ന കാലം. അവിടെനിന്നാണ് ഒരു പതിറ്റാണ്ടിലധികം നീണ്ട ലീഗ് കിരീടവരള്‍ച്ചയിലേക്ക് ക്ലബ്ബ് എത്തിയത്. ഫുട്ബോളിന്റെ പുതുരീതികളോട് മല്ലിട്ട് ജയിക്കാനാവാതെ പോകുകയായിരുന്നു. ഒടുവില്‍, പണക്കൊഴുപ്പില്ലാതെ സീരി എ ജയിച്ച് അവര്‍ പഴയ മിലാനെ ഓര്‍മിപ്പിക്കുന്നു.
2019-ല്‍ മാര്‍കോ ജിയാംപോളോയുടെ പിന്‍ഗാമിയായിട്ടാണ് സ്റ്റെഫാനോ പിയോളി മിലാനിലെത്തുന്നത്. ഫിയോറെന്റീനയില്‍നിന്നാണ് വരവ്. മുമ്പ് ഇന്റര്‍മിലാനെയും യുവന്റസിനെയും പരിശീലിപ്പിച്ചിട്ടുള്ള, 16 വര്‍ഷമായി പരിശീലനരംഗത്തുള്ള പിയോളിയുടെ വരവ് മിലാന്‍ ആരാധകര്‍ക്ക് അത്ര ദഹിച്ചിരുന്നില്ല. കാരണം, ഒരു കിരീടവിജയവും പിയോളിയുടെ അക്കൗണ്ടിലുണ്ടായിരുന്നില്ല. ചുമതലയേറ്റെടുക്കുമ്പോള്‍ 13-ാം സ്ഥാനത്തായിരുന്ന മിലാനെ ആറാം സ്ഥാനത്തത്തെിച്ചതോടെ അടുത്ത സീസണിലേക്കും ടീമിനെ പരിശീലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടു. 2020-21 സീസണില്‍ ടീം രണ്ടാം സ്ഥാനത്തെത്തി. എല്ലാ ടൂര്‍ണമെന്റുകളിലുമായി മിലാന്‍ 24 മത്സരങ്ങളില്‍ അപരാജിതരായി.
ഇത്തവണ പിയോളിക്ക് കൃത്യമായ തന്ത്രമുണ്ടായിരുന്നു. ഫ്രഞ്ച് സ്ട്രൈക്കര്‍ ഒളിവര്‍ ജിറൂഡിനെ ടീമിലെത്തിച്ച് 4-2-3-1 ശൈലിയില്‍ ടീം ഉറപ്പിച്ചു. റാഫേല്‍ ലിയാവോ- റാഡെ ക്രൂണിച്ച്- അലക്‌സിസ് സയേലെമേക്കേഴ്സ് ത്രയം അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിച്ചു. ഫ്രാങ്ക് കെസിയും സാന്‍ഡ്രോ ടോണാലിയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ നിറഞ്ഞു. പ്രതിരോധത്തില്‍ തിയോ ഹെര്‍ണാണ്ടസ്, ഫിക്കയോ ടോമോറി, ഡേവിഡെ കലാബ്രിയ, പിയറെ കലുലു എന്നിവരും കളിച്ചു. ഡൊണ്ണെറുമ പോയ ഒഴിവില്‍ മൈക്ക് മെയ്ഗ്‌നാന്‍ ഗോള്‍കീപ്പറായി. 38 കളിയിലായി 86 പോയന്റുമായാണ് മിലാന്‍ 19-ാം ലീഗ് കിരീടം നേടിയത്. 2011-ല്‍ മാക്‌സിമിലിയാനോ മലെഗ്രിക്ക് കീഴിലാണ് ടീം അവസാനമായി കിരീടം നേടിയത്. 2011 ലെ കിരീടത്തിലും ഈ വിജയത്തിലും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ടീമിനൊപ്പമുണ്ട്.
Content Highlights: AC Milan celebrate first Serie A title in 11 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..