പഴയങ്ങാടി: ബ്രസീല്‍ ഫുട്‌ബോള്‍താരം നെയ്മര്‍ക്കൊപ്പം കാല്‍പ്പന്ത് കളിക്കാന്‍ മാട്ടൂല്‍ സ്വദേശി ഷഹസാദ് മുഹമ്മദ് റാഫിയെന്ന മലയാളി വിദ്യാര്‍ഥിക്ക് ഭാഗ്യം. മാട്ടൂല്‍ സൗത്ത് സ്വദേശിയും പഴയങ്ങാടി വാദിഹുദ സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയുമാണ് ഷഹസാദ്. ഡിസംബറിലോ ജനുവരിയിലോ ഖത്തറില്‍ നടക്കുന്ന കളിയിലാണ് നെയ്മര്‍ക്കൊപ്പം പന്തുതട്ടാനുള്ള ഭാഗ്യം ഷഹസാദിനെ തേടിയെത്തിയത്.

2021-ലെ റെഡ്ബുള്‍ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് ടീമില്‍ ഇന്ത്യയില്‍നിന്ന് ഇടംനേടിയ രണ്ടുപേരില്‍ ഒരാളാണ് ഷഹസാദ്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍. 2020-ലെ സെലക്ഷനില്‍ പങ്കെടുത്തുവെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. കൂട്ടുകാരുടെയും മറ്റും പിന്തുണയോടെ 2021-ല്‍ നടത്തിയ ശ്രമത്തിലാണ് ഈ മിടുക്കന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരാര്‍ഥിയുടെ ഫുട്ബോള്‍ നൈപുണ്യം ഓണ്‍ലൈനായി വിലയിരുത്തിയാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. #Outplaythemall എന്ന ഹാഷ്ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ കാല്‍പ്പത്തിലെ സ്വന്തം വൈദഗ്ധ്യം 60 സെക്കന്‍ഡ് വീഡിയോയിലൂടെ പങ്കുവെക്കണം. ഇതില്‍നിന്നാണ് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്സ് ലോകത്തിലെ ഏറ്റവും വലിയ അമച്വര്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാല്‍പ്പന്തുകളിയോടുതോന്നിയ താത്പര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഷഹസാദിനെ ഈ നേട്ടം കൈവരിക്കാന്‍ പ്രാപ്തനാക്കിയത്. കുടുംബത്തോടൊപ്പം കുവൈത്തിലായിരുന്നതിനാല്‍ 10-ാം ക്ലാസുവരെ അവിടെയായിരുന്നു പഠനം. കുവൈത്തില്‍ ജോലി ചെയ്യുന്ന മാട്ടൂല്‍ സൗത്ത് ശരീഫ മന്‍സിലില്‍ അമ്പലത്തില്‍ മുഹമ്മദ് റാഫിയുടെയും ശെരീഫ റാഫിയുടെയും മകനാണ്. റിഷാദ, ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: A Malayalee to play football with Neymar