മാറഡോണയ്‌ക്കൊപ്പമുള്ള ചിത്രം കാണിച്ച് ലോകകപ്പില്‍ വിഐപി ടിക്കറ്റ് ഒപ്പിച്ച കൊച്ചിക്കാരന്‍


ഷിബിൻ ഷാഹിർ മാറഡോണയ്‌ക്കൊപ്പം, വലതുഭാഗത്ത് അദ്ദേഹത്തിന് ലഭിച്ച ഖത്തർ ലോകകപ്പിലെ ഹോസ്പിറ്റാലിറ്റി ബോക്‌സിലെ വിഐപി ടിക്കറ്റും | Photo: special arrangement

കോഴിക്കോട്: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനിയന്‍ പുഞ്ചിരി വിടര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിറമുള്ള ഒത്തിരി ഓര്‍മകള്‍ സമ്മാനിച്ചാണ് ലോകകപ്പ് മാമാങ്കം കൊടിയിറങ്ങിയത്.

ഖത്തറിലായതിനാല്‍ തന്നെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രാതിനിധ്യം ഏറെയുണ്ടായിരുന്നു ലോകകപ്പ് കൂടിയായിരുന്നു ഇത്. നിരവധിയാളുകളാണ് കേരളത്തില്‍ നിന്ന് ലോകകപ്പ് കാണാനായി പോയത്. അതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന മലയാളികളും ലോകകപ്പ് കാണാന്‍ ഒഴുകിയെത്തിയിരുന്നു. പലര്‍ക്കും പ്രധാന കളികളുടെ ടിക്കറ്റുകള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു.

എന്നാല്‍ നാട്ടില്‍ നിന്ന് ലോകകപ്പ് ടിക്കറ്റ് ഒന്നും തന്നെ ബുക്ക് ചെയ്യാതെ ഖത്തറില്‍ പോയി ഒടുവില്‍ വിഐപി ബോക്‌സിലിരുന്ന് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരം കണ്ടതിന്റെ ത്രില്ലിലാണ് ഇപ്പോഴും കൊച്ചിക്കാരനായ ഷിബിന്‍ ഷാഹിര്‍. ആ കഥയിതാ...

ഷിബിന്‍ ഷാഹിര്‍ വിഐപി ഗാലറിയില്‍

ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായതിനു ശേഷമാണ് ഷിബിന്‍ ഖത്തറിലേക്ക് തിരിക്കുന്നത്. ഖത്തറിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. ശേഷം മത്സര ടിക്കറ്റിനായി ഷിബിന്‍ ആദ്യം പോയത് അല്‍ സദിലെ പ്രധാന ടിക്കറ്റ് സെന്ററിലേക്കായിരുന്നു. വെളുപ്പിന് നാല് മണിക്ക് അദ്ദേഹം അല്‍ സദിലെ ടിക്കറ്റ് കൗണ്ടറില്‍ എത്തുമ്പോള്‍ തന്നെ അവിടെ വരിയില്‍ ഇരുന്നൂറോളം പേരുണ്ടായിരുന്നു. ആ നില്‍പ്പ് ഉച്ചതിരിഞ്ഞ് 3.30 വരെ നിന്നിട്ടും ടിക്കറ്റ് കിട്ടിയില്ല. ഇനി ടിക്കറ്റ് കിട്ടില്ലെന്ന വിവരവും കിട്ടി. പിന്നീടുള്ള ഒരു ഓപ്ഷന്‍ എന്നത് റീ സെയിലില്‍ വാങ്ങാം എന്നതാണ്. ഫിഫയുടെ തന്നെ ഔദ്യോഗിക ടിക്കറ്റ് റീ സെയില്‍ പ്ലാറ്റ്‌ഫോമുണ്ട്. എന്നാല്‍ അതില്‍ തന്നെ 400 റിലായിന്റെ ഗാലറി ടിക്കറ്റിന് 2300 - 2400 റിയാലോളം വരും. അതായാത് ഏകദേശം 54000-ത്തോളം ഇന്ത്യന്‍ രൂപ. അതോടെ ഇനി കളി കാണാന്‍ സാധിക്കില്ലെന്ന് ഷിബിന് തോന്നി. അതോടെ ഇനി സ്‌റ്റേഡിയങ്ങളെങ്കിലും കാണാമെന്ന് അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ സ്‌റ്റേഡിയങ്ങള്‍ കണ്ട് കഴിഞ്ഞ ശേഷം അര്‍ജന്റീനയുടെ കടുത്ത ആരാധകനായ ഷിബിന് ഒന്ന് എങ്ങനെയെങ്കിലും മെസ്സിയേയും അര്‍ജന്റീന ടീമിനെയും കാണണമെന്ന മോഹമുദിച്ചു. വളണ്ടിയര്‍മാരോട് അന്വേഷിച്ചപ്പോള്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കകത്ത് ഹോസ്റ്റലിലാണ് അര്‍ജന്റീന ടീമിന്റെ താമസമെന്ന് അറിഞ്ഞു. ഹയ കാര്‍ഡ് ഉള്ളതിനാല്‍ ഖത്തറിലെ യാത്രകളും മറ്റും സൗജന്യമായിരുന്നു. അങ്ങനെ ഇഷ്ട ടീമിനെ കാണണമെന്നുറപ്പിച്ച് ഷിബിന്‍ നേരേ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വെച്ചുപിടിച്ചു.

മെട്രോയിലായിരുന്നു യാത്ര. മെട്രോയിറങ്ങി മൂന്നര കി.മീ. നടന്ന് യൂണിവേഴ്‌സിറ്റിക്ക് മുന്നിലെത്തുമ്പോള്‍ അവിടെ അര്‍ജന്റീന ആരാധകരും മറ്റുമായി ഒരു പൂരത്തിനുള്ള ആളുണ്ട്. അവിടെ നിന്നാല്‍ ഒന്നും നടക്കില്ലെന്ന് ഷിബിന് മനസിലായി. ഇവന്റ് മാനേജറായ ഷിബിന്റെ തല അപ്പോള്‍ രക്ഷയ്‌ക്കെത്തി. പ്രധാന ഇവന്റുകള്‍ക്ക് പ്രധാന ഗേറ്റിന് പുറമേ സെലബ്രിറ്റികള്‍ക്ക് വരാനും പോകാനുമായി വേറേ വേറേ ഗേറ്റുകളുണ്ടാകും. അത്തരമൊന്ന് ഇവിടെയും ഉണ്ടാകുമെന്ന് ഷിബിന് തോന്നിയിരുന്നു. അങ്ങനെ അദ്ദേഹം അപ്പുറത്തുള്ള ഗേറ്റ് മൂന്നിലെത്തി. അവിടെ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. മൂന്നു മണിക്കൂറോളം കാത്തുനിന്ന് തിരികേ പോകാനൊരുങ്ങുമ്പോള്‍ അകത്തുനിന്ന് ഒരാള്‍ പുറത്തേക്ക് വന്നു. കഴുത്തില്‍ അക്രഡിറ്റേഷന്‍ കാര്‍ഡൊക്കെ ഉണ്ടായിരുന്നതിനാല്‍ ഏതോ ഒഫീഷ്യലാണെന്ന് ഷിബിന് മനസിലായി. നേരേ ചെന്ന് അദ്ദേഹത്തോട് താന്‍ ആരാണെന്നും ടിക്കറ്റ് കിട്ടാത്തതിനെ കുറിച്ചുമെല്ലാം പറഞ്ഞു. എന്നിട്ട് അവസാന ശ്രമമെന്ന നിലയ്ക്ക് അദ്ദേഹത്തോടും ഒരു ടിക്കറ്റ് കിട്ടുമോ എന്ന അന്വേഷിച്ചു. സെമിയും ഫൈനലും മാത്രമായതില്‍ തന്നെ ടിക്കറ്റ് ഉണ്ടാകില്ലെന്നും ഗ്രൂപ്പ് ഘട്ടമായിരുന്നെങ്കിലും ശ്രമിച്ച് നോക്കാമായിരുന്നു മറുപടി.

അന്ന് അവിടെ നിന്ന് മടങ്ങി പിറ്റേ ദിവസവും അതേ സ്ഥലത്ത് തിരിച്ചെത്തി. അന്ന് സെമി നടക്കുന്ന ദിവസമാണ്. അവിടെയെത്തുമ്പോള്‍ ഷിബിന്‍ തലേ ദിവസം കണ്ട വ്യക്തിയും ഒരു യുവതിയും ഗേറ്റ് മുന്നിലൂടെ അകത്തേക്ക് കയറുകയാണ്. ഷിബിനെ കണ്ടപ്പോള്‍ അദ്ദേഹം അടുത്തേക്ക് വന്നു. ടിക്കറ്റ് കിട്ടിയില്ലെന്നും ഇനി ടീമിനെയെങ്കിലും കാണാമെന്നുള്ള ആഗ്രഹത്തില്‍ നില്‍ക്കുകയാണെന്നും അറിയിച്ചു. എന്നാല്‍ അതിന് ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും ടീം ഇതുവഴിയല്ല യൂണിവേഴ്‌സിറ്റിക്ക് പിറകില്‍ കൂടിയാണ് പോകുന്നതെന്നും ആ ഒഫീഷ്യല്‍ പറഞ്ഞു. അപ്പോള്‍ നാട്ടില്‍ നിന്ന് കൊണ്ടുപോയ ഒരു അര്‍ജന്റീനിയന്‍ ജേഴ്‌സി എടുത്ത് അതില്‍ എങ്ങനെയെങ്കിലും മെസ്സിയുടെ ഒരു ഒപ്പ് വാങ്ങിത്തരുമോ എന്ന് ഷിബിന്‍ അദ്ദേഹത്തോട് ചോദിച്ചു. ബുദ്ധിമുട്ടാണ് എങ്കിലും ശ്രമിച്ച് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹം അത് വാങ്ങി കൈയില്‍ പിടിച്ചു. ജേഴ്‌സി തിരിച്ച് വാങ്ങേണ്ടതിനാല്‍ നമ്പര്‍ തരാമോ എന്ന് ഷിബിന്‍ ചോദിച്ചു. പുള്ളി ഷിബിന്റെ ഫോണെടുത്ത് വാട്ട്‌സ്ആപ്പ് നമ്പര്‍ സേവ് ചെയ്ത് കൊടുത്തു.

ഷിബിന്‍ ഷാഹിര്‍ മാറഡോണയ്‌ക്കൊപ്പം

സേവ് ചെയ്ത നമ്പറിലേക്ക് ഒരു മെസേജ് അയച്ച് ഷിബിന്‍ അവിടെ നിന്നും തിരിച്ച് ഖത്തറില്‍ തന്റെ സുഹൃത്ത് ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് മെട്രോ കയറുകയും ചെയ്തു. ഹയാ കാര്‍ഡ് ഉള്ളതിനാല്‍ ഇനി ഫാന്‍സ് സോണില്‍ പോയി കളി കാണാമെന്ന് കരുതി. ഹയാ കാര്‍ഡ് ഉള്ളവര്‍ക്ക് ഫാന്‍ സോണില്‍ പ്രവേശനം സൗജന്യമാണ്. അപ്പോഴാണ് നേരത്തെ കണ്ടയാളുടെ ഒരു മെസേജ് വാട്‌സാപ്പില്‍ വന്നത്. മാറഡോണയെ എങ്ങനെ അറിയാമെന്നായിരുന്നു ചോദ്യം. അവിടെയായിരുന്നു ട്വിസ്റ്റ്. 2012 ഒക്ടോബറില്‍ സാക്ഷാല്‍ ഡീഗോ മാറാഡോണ കേരളത്തിലെത്തിയപ്പോള്‍ ആ ഇവന്റ് മാനേജ് ചെയ്ത ഗ്രൂപ്പില്‍ ഷിബിനും ഉണ്ടായിരുന്നു. അപ്പോള്‍ മാറഡോണയ്‌ക്കൊപ്പമെടുത്ത ചിത്രമായിരുന്നു ഷിബിന്റെ വാട്‌സാപ്പ് ഡിപി. അങ്ങനെ മാറഡോണ കേരളത്തില്‍ വന്നതും അദ്ദേഹത്തിനൊപ്പം അഞ്ച് ദിവസം ചെലവഴിച്ച കഥകളുമെല്ലാം ഷിബിന്‍ ഈ ഒഫീഷ്യലിനോട് പറഞ്ഞു. താന്‍ അര്‍ജന്റീനയുടെ ഫിസിയോ ടീമിലുള്ള അസിസ്റ്റന്റാണെന്ന് അപ്പോഴാണ് അദ്ദേഹം ഷിബിനോട് പറയുന്നത്. അര്‍ജന്റീനക്കാരനായ തനിക്ക് പോലും മാറഡോണയെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംസാരിച്ച് സംസാരിച്ച് ടീം ആറുമണിക്ക് ഇറങ്ങുമെന്നും അതിനു മുമ്പ് ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയാന്‍ നിനക്ക് ഞാന്‍ ടിക്കറ്റ് തരാമെന്നും അയാള്‍ ഷിബിനോട് പറഞ്ഞു. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ആറ് മണിക്ക് മുമ്പ് യൂണിവേഴ്‌സിറ്റിയില്‍ എത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. സുഹൃത്ത് അജാസ് എങ്ങനെയൊക്കെയോ വണ്ടിയെടുത്ത് ഷിബിനെ യൂണിവേഴ്‌സിറ്റിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും സമയം 6.15.

മെസേജ് അയച്ചപ്പോള്‍ ടീം നേരത്തെ തന്നെ ഇറങ്ങിയെന്നും അവര്‍ക്കൊപ്പം ബസില്‍ പോകാനുള്ളതിനാല്‍ താനും അവിടെയില്ലെന്നും ഫിസിയോ ടീമിലുള്ള അസിസ്റ്റന്റ് ഷിബിനോട് പറഞ്ഞു. എന്നാല്‍ അടുത്തുള്ള ഹോട്ടലില്‍ തന്റെ ഭാര്യയും കുട്ടിയും താമസമുണ്ടെന്നും ടിക്കറ്റ് അവരുടെ അടുത്ത് ഏല്‍പ്പിച്ചിട്ടുണ്ടെന്നും കൂടി അദ്ദേഹം പറഞ്ഞതോടെ ഷിബിന്‍ ഞെട്ടി. എന്നാല്‍ ശരിക്കും ഞെട്ടിയത് ഹോട്ടലിലെത്തി അദ്ദേഹത്തിന്റെ ഭാര്യ കൈയിലേക്ക് വെച്ചുതന്ന ടിക്കറ്റ് കണ്ടായിരുന്നു. ഹോസ്പിറ്റാലിറ്റി ബോക്‌സിലെ വിഐപി ടിക്കറ്റായിരുന്നു അത്. കളി കാണാന്‍ സാധിക്കില്ലെന്ന് കരുതിയിടത്തുനിന്ന് ഷിബിന്റെ കൈയിലേക്കെത്തിയത് വിഐപി ടിക്കറ്റ്. അങ്ങനെ ടിക്കറ്റ് കിട്ടാതെ അലഞ്ഞ ഷിബിന്‍ ഒടുവില്‍ വിഐപി ഗാലറിയിലിരുന്ന് മെസ്സിയുടെയും സംഘത്തിന്റെയും കളി കണ്ടു. അതിന് കാരണമായതോ ഡീഗോ മാറഡോണയുമൊത്ത് 10 വര്‍ഷം മുമ്പെടുത്ത ഒരു ചിത്രവും.

Content Highlights: A Kochi man got a vip ticket to the World Cup by showing his picture with Maradona


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented