പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ജമ്മു കശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന്. താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന അധികൃതര്‍ 43 ലക്ഷം രൂപ തട്ടിയെടുത്തു. ആരാധകരുടെ പരാതിയുടെ പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്.
സംസ്ഥാനത്തെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ 50 ലക്ഷം രൂപ ഫുട്ബോള്‍ അസോസിയേഷന് കൈമാറി. എന്നാല്‍ ഈ തുക ലഭിച്ച അധികൃതര്‍ തിരിമറിനടത്തി. പണം ചെലവാക്കിയത് കാണിക്കാനായി വ്യാജ കഥയും മെനഞ്ഞെടുത്തു. ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനായി പണം ചെലവഴിച്ചെന്നാണ് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ഈ ഫണ്ട് ഉപയോഗിച്ച് ഫുട്ബോള്‍ ടീമിലെ ഒരു താരത്തിന് പോലും ബിരിയാണി ലഭിച്ചില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ആരാധകര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ വിവാദം ആളിക്കത്തി.
കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സമീര്‍ ഠാക്കൂര്‍, ട്രഷറര്‍ സുരീന്ദര്‍ സിങ് ബണ്ഡി, ചീഫ് എക്സിക്യുട്ടീവ് എ.എസ്. ഹമീദ്, അസോസിയേഷന് അംഗം ഫയാസ് അഹമ്മദ് എന്നിവര്‍ക്കെതിരേ ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പണം തട്ടിയത്.
ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയല്‍ ഗോള്‍ഡ് കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനായാണ് ഫുട്ബോള്‍ അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സില്‍ 50 ലക്ഷം രൂപ അനുവദിച്ചത്. അതില്‍ 43 ലക്ഷത്തിലധികം രൂപ ശ്രീനഗറിലെ വിവിധ ഹോട്ടലുകള്‍ക്ക് ബിരിയാണിയ്ക്ക് വേണ്ടി നല്‍കിയതിന്റെ വ്യാജരേഖകള്‍ അധികൃതരുണ്ടാക്കി. ഈ തുകയ്ക്ക് ബിരിയാണി വാങ്ങിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇത് വ്യാജമാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. എല്ലാ രേഖകളിലും ഒരേ കയ്യൊപ്പാണുള്ളത് എന്നതാണ് രസകരമായ വസ്തുത.
' കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തിരിമറി നടന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനുശേഷം തീരുമാനം കൈക്കൊള്ളും' ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..