പനാജി: എ.എഫ്.സി കപ്പിന് പരിശീലനം നടത്തുന്ന ബെംഗളൂരു എഫ്.സിയ്ക്ക് തിരിച്ചടി. ടീമിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരങ്ങളും സ്റ്റാഫുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് ബെംഗളൂരു അറിയിച്ചു. ആര്‍ക്കൊക്കെയാണ് രോഗം പിടിപെട്ടതെന്ന് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാസം പുതിയ പരിശീലകനായി മാര്‍ക്കോ പെസായിയോളി സ്ഥാനമേറ്റതോടെ ടീം എ.എഫ്.സി കപ്പിനായുള്ള തീവ്ര പരിശീലനത്തിലാണ്. കഴിഞ്ഞ ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. ഏഴാമതായാണ് ടീം കഴിഞ്ഞ സീസണില്‍ ഐ.എസ്.എല്‍ പൂര്‍ത്തിയാക്കിയത്. 

കോവിഡ് നെഗറ്റീവായതിനെത്തുടര്‍ന്ന് നായകന്‍ സുനില്‍ ഛേത്രി ടീമിലേക്ക് തിരിച്ചെത്തിയത് ബെംഗളൂരു ക്യാമ്പില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. എ.എഫ്.സി കപ്പില്‍ ബെംഗളൂരുവിന്റെ ആദ്യ മത്സരം ഏപ്രില്‍ 14 ന് ഗോവയിലെ ബംബോലിം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.

Content Highlights:3 members of Bengaluru FC contingent test positive for Covid-19