ദോഹ: 2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇരട്ട ഗോളുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി മത്സരത്തിൽ തിളങ്ങി. ആദ്യ പകുതിയിൽ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാൻ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയിൽ സുനിൽ ഛേത്രി രക്ഷിക്കുകയായിരുന്നു.

അറ്റാക്കിങ് ലൈനപ്പുമായി കളിച്ച ഇന്ത്യ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവെച്ചത്. ആദ്യ പകുതിയിൽ ചിംഗ്ലൻസെനയ്ക്ക മികച്ച അവസരം ലഭിച്ചു. ബ്രാണ്ടൺ എടുത്ത കോർണർ കിക്കിൽ സെനയുടെ ബുള്ളറ്റ് ഹെഡൽ ഗോളെന്ന് ഉറച്ചതായിരുന്നു. എന്നാൽ ബംഗ്ലാ പ്രതിരോധം ആ നീക്കം തടഞ്ഞു.

ഒടുവിൽ 79-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് നൽകി. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസിൽ ഹെഡ് ചെയ്ത ഛേത്രിക്ക് പിഴച്ചില്ല. ഇന്ത്യൻ ജഴ്സിയിൽ ക്യാപ്റ്റൻ ഛേത്രിയുടെ 73-ാം ഗോൾ. പിന്നീട് 92-ാം മിനിറ്റിൽ ഛേത്രിയുടെ രണ്ടാം ഗോളെത്തി. സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതെത്തി. അവസാന മത്സരത്തിൽ അഫ്ഗാനിസ്താനാണ് എതിരാളികൾ. അതും വിജയിക്കാനായാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.

Content Highlights: 2022 World Cup Qualification India vs Bangladesh