പാരിസ്: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ ടീമുകള്‍ക്ക് വിജയം. 

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ കീഴടക്കി. ഇരട്ട ഗോളുകള്‍ നേടിയ സൂപ്പര്‍ താരം ആന്റോയിന്‍ ഗ്രീസ്മാന്റെ മികവിലാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഡി യില്‍ ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആറു മത്സരങ്ങളില്‍ നിന്നും 12 പോയന്റാണ് ഫ്രാന്‍സിനുള്ളത്. 

പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് അസര്‍ബൈജാനെ കീഴടക്കി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ ബെര്‍ണാഡോ സില്‍വ, ആന്ദ്രെ സില്‍വ, ഡിയാഗോ ജോട്ട എന്നിവര്‍ പറങ്കികള്‍ക്കായി സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സൂപ്പര്‍ താരം മെംഫിസ് ഡീപേയുടെ ഹാട്രിക്ക് മികവില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തുര്‍ക്കിയെ തകര്‍ത്തു. 16, 38, 64 മിനിട്ടുകളിലാണ് ഡീപേ  നെതര്‍ലന്‍ഡ്‌സിനായി ലക്ഷ്യം കണ്ടത്. ഡാവി ക്ലാസ്സെന്‍, ഗൂസ് ടില്‍, ഡോണ്‍യെല്‍ മാലെന്‍ എന്നിവരും ഗോള്‍ നേടി. സെന്‍ഗിസ് അണ്ടര്‍ തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ നേടി.  ഈ വിജയത്തോടെ ഗ്രൂപ്പ് ജി യില്‍ നെതര്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. നോര്‍വേയാണ് രണ്ടാം സ്ഥാനത്ത്. ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട് ഹാട്രിക്ക് നേടിയ മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് നോര്‍വേ ജിബ്രാള്‍ട്ടറിനെ കീഴടക്കി. 

ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സ്ലൊവേനിയയെ തോല്‍പ്പിച്ചു. മാര്‍ക്കോ ലിവാജ, മരിയോ പസാലിച്ച്, നിക്കോള വ്‌ലാസിച്ച് എന്നിവര്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

ഇന്ന് കരുത്തരായ ഇംഗ്ലണ്ട്, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, വെയല്‍സ് തുടങ്ങിയ ടീമുകള്‍ക്ക് മത്സരമുണ്ട്. 

Content Highlights: 2022 football world cup European qualifiers