ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം എന്നീ ടീമുകള്‍ക്ക് വിജയം. എന്നാല്‍ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ ബള്‍ഗേറിയ സമനിലയില്‍ തളച്ചു. കരുത്തരായ സ്‌പെയിന്‍ സ്വീഡനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.

ഇംഗ്ലണ്ട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഹംഗറിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ഇംഗ്ലണ്ടിനായി നായകന്‍ റഹീം സ്റ്റെര്‍ലിങ് (55), നായകന്‍ ഹാരി കെയ്ന്‍ (63), പ്രതിരോധതാരം ഹാരി മഗ്വയര്‍ (69), മധ്യനിരതാരം ഡെക്ലാന്‍ റൈസ് (87) എന്നിവര്‍ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഗ്രൂപ്പ് ഐ യില്‍ നാലുമത്സരങ്ങളില്‍ നാലും വിജയിച്ച ഇംഗ്ലണ്ട് 12 പോയന്റുകളുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പോളണ്ടാണ് രണ്ടാമത്. പോളണ്ട് ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് അല്‍ബേനിയയെ കീഴടക്കി. റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കി (12), ആഡം ബുക്‌സ (44), ക്രൈച്ചോവിയാക്ക് (54), കരോള്‍ ലിനെറ്റി (89) എന്നിവര്‍ പോളണ്ടിനായി ലക്ഷ്യം കണ്ടു. 

ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലീഷ്‌റ്റെന്‍സ്‌റ്റെയ്‌നിനെ കീഴടക്കി. തിമോ വെര്‍ണറും (41), ലിറോയ് സനെ(77)യുമാണ് ടീമിനായി ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ യില്‍ രണ്ടാം സ്ഥാനത്താണ് ജര്‍മനി. 4 മത്സരങ്ങളില്‍ നിന്നും 9 പോയന്റാണ് ടീമിനുള്ളത്. 10 പോയന്റുകളുമായി അര്‍മീനിയയാണ് ഒന്നാമത്. 

ബെല്‍ജിയം രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് എസ്‌തോണിയയെയാണ് തകര്‍ത്തത്. ബെല്‍ജിയത്തിനായി സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ (29,52) ഹാന്‍സ് വനകെന്‍ (22), അക്‌സെല്‍ വിറ്റ്‌സല്‍ (65), തോമസ് ഫോക്കറ്റ് (76) എന്നിവര്‍ സ്‌കോര്‍ ചെയ്തു. എസ്‌തോണിയയ്ക്കായി മാത്തിയാസ് കൈറ്റ്, എറിക്ക് സോര്‍ഗ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. 

താരതമ്യേന ദുര്‍ബലരായ ബള്‍ഗേറിയയാണ് യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 16-ാം മിനിട്ടില്‍ സൂപ്പര്‍ താരം ഫെഡെറിക്കോ കിയേസയിലൂടെ ഇറ്റലിയാണ് ലീഡെടുത്തത്. എന്നാല്‍ 39-ാം മിനിട്ടില്‍ അറ്റാനസ് ലിയേവിലൂടെ ബള്‍ഗേറിയ സമനില ഗോള്‍ നേടി. സമനിലയില്‍ കുരുങ്ങിയെങ്കിലും ഗ്രൂപ്പ് സി യില്‍ ഇറ്റലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 

സ്വീഡന്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. കാര്‍ലോസ് സോളറിലൂടെ (4) സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ തൊട്ടടുത്ത മിനിട്ടില്‍ അലെക്‌സാണ്ടര്‍ ഐസക്കിലൂടെ സ്വീഡന്‍ സമനില നേടി. രണ്ടാം പകുതിയില്‍ വിക്റ്റര്‍ ക്ലാസ്സണ്‍ (57) സ്വീഡനുവേണ്ടി വിജയഗോള്‍ നേടി. ഈ വിജയത്തോടെ സ്വീഡന്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്‌പെയിനാണ് രണ്ടാമത്.

മറ്റു പ്രധാന മത്സരങ്ങളില്‍ റൊമാനിയ ഐസ്‌ലന്‍ഡിനെയും (2-0) ചെക്ക് റിപ്പബ്ലിക്ക് ബെലാറസിനെയും (1-0) കീഴടക്കി.

Content Highlights: 2022 FIFA world cup European qualifier