
Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയ്ക്ക് വിജയം. നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് നീലപ്പട തകര്‍ത്തത്. മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ സതാംപ്ടണെ കീഴടക്കിയപ്പോള്‍ വോള്‍വ്‌സ് വാറ്റ്‌ഫോര്‍ഡിനെയും ആസ്റ്റണ്‍ വില്ല ലീഡ്‌സിനെയും തകര്‍ത്തു.
ചെല്‍സിയ്ക്ക് വേണ്ടി ട്രെവോ ഷലോബ, മേസണ്‍ മൗണ്ട്, കൈ ഹാവെര്‍ട്‌സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നോര്‍വിച്ചിനായി തീമു പുക്കി പെനാല്‍ട്ടിയിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഈ വിജയത്തോടെ ചെല്‍സി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 27 മത്സരങ്ങളില്‍ നിന്ന് 56 പോയന്റാണ് ടീമിനുള്ളത്. ചെല്‍സിയുടെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്.
ഒരു ഘട്ടത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടേണ്ടി വന്ന ന്യൂകാസില്‍ യുണൈറ്റഡ് അപ്രതീക്ഷിത കുതിപ്പ് തുടര്‍ന്ന് ഏവരെയും ഞെട്ടിക്കുകയാണ്. സതാംപ്ടണെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ന്യൂകാസില്‍ പരാജയപ്പെടുത്തിയത്. ന്യൂകാസിലിനായി ക്രിസ് വുഡും ബ്രൂണോ ഗൈമറസും ഗോളടിച്ചപ്പോള്‍ സ്റ്റിയുവര്‍ട്ട് ആംസ്‌ട്രോങ് സതാംപ്ടണ് വേണ്ടി ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ന്യൂകാസില്‍ പോയന്റ് പട്ടികയില്‍ 14-ാം സ്ഥാനത്തെത്തി. പ്രീമിയര്‍ ലീഗിലെ അവസാന ഒന്‍പത് മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല.
കരുത്തരായ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലീഡ്‌സ് യുണൈറ്റഡിനെ തകര്‍ത്തു. സൂപ്പര്‍ താരം ഫിലിപ്പെ കുടീന്യോ, മാറ്റി ക്യാഷ്, കാലം ഷേംബേഴ്‌സ് എന്നിവര്‍ ടീമിനായി ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ വില്ല പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി. വില്ലയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് വോള്‍വ്‌സ് പരാജയപ്പെടുത്തിയത്. വോള്‍വ്‌സിനായി റൗള്‍ ജിമിനെസ്, കുച്ചോ ഹെര്‍ണാണ്ടസ്, ഡാനിയേല്‍ പോഡെന്‍സ്, റൂബന്‍ നെവെസ് എന്നിവര്‍ ഗോളടിച്ചു. ഈ വിജയത്തോടെ 28 മത്സരങ്ങളില്‍ നിന്ന് 43 പോയന്റുമായി വോള്‍വ്‌സ് എട്ടാം സ്ഥാനത്തെത്തി. വാറ്റ്‌ഫോര്‍ഡ് 19-ാം സ്ഥാനത്താണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..