പാരിസ്: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ ഫ്രാന്‍സില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിരോധിച്ചതോടെ ഫ്രഞ്ച് ലീഗ് വണ്‍ ഉപേക്ഷിച്ചു. സെപ്റ്റംബര്‍ വരെ രാജ്യത്ത് എല്ലാ കായിക മത്സരങ്ങളും റദ്ദാക്കുകയാണെന്ന് ഫ്രാന്‍സ് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി.യെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചേക്കും. യൂറോപ്പിലെ അഞ്ച് വമ്പന്‍ ലീഗുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ആദ്യത്തേതാണ് ലീഗ് വണ്‍. 27 കളിയില്‍ 68 പോയന്റുമായി ഒന്നാം സ്ഥാനത്ത് 12 പോയന്റിന്റെ ലീഡാണ് പി.എസ്.ജിക്ക് ഉള്ളത്. 28 കളിയില്‍ 56 പോയന്റുള്ള മാഴ്സയാണ് രണ്ടാം സ്ഥാനത്ത്. പി.എസ്.ജി.ക്ക് പുറമെ മാഴ്സ, റെന്നസ് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിനും യൂറോപ്പ ലീഗിനും യോഗ്യത നേടും.

സീസണ്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഭരണസമിതി ചര്‍ച്ച ചെയ്ത് പ്രൊമോഷനും റെലഗേഷനും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കും.

Content Highlights: 2019-20 season in Ligue 1 and 2 suspended