സോള്‍ന: 2018 ലോകകപ്പില്‍ റഷ്യയുടെ പങ്കാളിത്തം ത്രിശങ്കുവില്‍. സോള്‍നയില്‍ സ്വീഡനെതിരായ പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ ഇറ്റലി പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ ഇറ്റലിയെ അട്ടിമറിച്ചത്. 61-ാം മിനിറ്റില്‍ ജേക്കബ് ജൊനാസണാണ് ഇറ്റലിയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലല്‍ വീഴ്ത്തിയത്. 20 വാര അകലെ നിന്നുള്ള ഒരു ഷോട്ടില്‍ നിന്നായിരുന്നു ജൊനാസണ്‍ന്റെ ഗോള്‍.

തോല്‍വിയോടെ അസൂറിപ്പടയ്ക്ക് രണ്ടാം പാദം നിര്‍ണായകമായി. ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ തിങ്കളാഴ്ച്ച സ്വന്തം തട്ടകമായ സാന്‍ സിറോയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ഇറ്റലി രണ്ടു ഗോളിനെങ്കിലും ജയിക്കണം. 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നാലു തവണ ചാമ്പ്യന്‍മാരായ ഇറ്റലി സ്‌പെയ്‌നിനൊപ്പം ഒരേ പൂളിലായിരുന്നു. പക്ഷേ മാഡ്രിഡില്‍ സ്‌പെയ്‌നിനെതിരായ (3-0) തോല്‍വിയും മാസിഡോണിയെക്കെതിരായ (1-1) സമനിലയും ഇറ്റലി പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൂപ്പ് ജിയില്‍ 10 മത്സരങ്ങളില്‍ നിന്ന് ഏഴു  ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്തായ ഇറ്റലിക്ക് നേരിട്ട് യോഗ്യത നേടാനായിരുന്നില്ല. ഇതോടെയാണ് സ്വീഡിനുമായി പ്ലേ ഓഫ് കളിക്കേണ്ടി വന്നത്.