-
ലിസ്ബൺ: ഇടവേളയ്ക്കുശേഷം യൂറോപ്പിലെ ചാമ്പ്യൻ ക്ലബ്ബിനെ തീരുമാനിക്കാനുള്ള പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു. വെള്ളിയാഴ്ച രാത്രി 12.30-ന് പ്രീക്വാർട്ടർ രണ്ടാംപാദ മത്സരങ്ങൾക്ക് കിക്കോഫാകുന്നതോടെ ഫുട്ബോൾ ലോകം വീണ്ടും പോരാട്ടച്ചൂടിലാകും. ഓഗസ്റ്റ് 23-നുള്ള ഫൈനൽവരെ സൂപ്പർ പോരാട്ടങ്ങളുടെ നാളുകളാണ്.
കോവിഡ്-19 വ്യാപനത്തോടെയാണ് മത്സരങ്ങൾ നിർത്തിവെച്ചത്. മാർച്ച് 15-ന് പി.എസ്.ജി-വലൻസിയ പ്രീ ക്വാർട്ടറാണ് അവസാനം നടന്നത്. പാരീസിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് അന്ന് കളി നടന്നത്. 144 ദിവസങ്ങൾക്കുശേഷമാണ് കളി പുനരാരംഭിക്കുന്നത്.
പ്രീക്വാർട്ടർ രണ്ടാംപാദം
വെള്ളിയാഴ്ച രാത്രി മാഞ്ചെസ്റ്റർ സിറ്റി റയൽ മഡ്രിഡിനെയും യുവന്റസ് ലിയോണിനെയും നേരിടും. ആദ്യപാദത്തിൽ റയലിന്റെ ഗ്രൗണ്ടിൽ 1-2ന് ജയിച്ച സിറ്റിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ഒരു ഗോൾ ജയത്തിന്റെ മേധാവിത്വത്തോടെയാണ് ലിയോൺ എതിരാളിയുടെ ഗ്രൗണ്ടിലിറങ്ങുന്നത്.
ശനിയാഴ്ച രാത്രിയിൽ ബാഴ്സലോണ നാപ്പോളിയെയും ബയേൺ മ്യൂണിക് ചെൽസിയെയും നേരിടും. 1-1 സമനിലയിൽ രണ്ടാം പാദത്തിനിറങ്ങുന്ന ബാഴ്സയ്ക്ക് സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ മുൻതൂക്കമുണ്ട്. മൂന്നു ഗോൾ ജയം നേടിയ ബയേൺ സ്വന്തം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത് ക്വാർട്ടർ ഏറക്കുറെ ഉറപ്പാക്കിയാണ്.
ക്വാർട്ടർ ലൈനപ്പ്
രണ്ടു പാദങ്ങളെന്ന പതിവുരീതിക്ക് പകരം നിഷ്പക്ഷ വേദിയായ ലിസ്ബണിൽ ഒറ്റമത്സരങ്ങളായിട്ടാണ് ക്വാർട്ടറും സെമിയും നടക്കുന്നത്. ഫൈനലും ഇതേ വേദിയിൽതന്നെ. നിലവിൽ റെഡ്ബുൾ ലെയ്പ്സിഗ്-അത്ലറ്റിക്കോ മഡ്രിഡ്, അറ്റ്ലാന്റ-പി.എസ്.ജി. ക്വാർട്ടർ ലൈനപ്പ് ആയിട്ടുണ്ട്.
കാണികളില്ലാത്ത കളി
കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ച കളി പുനരാരംഭിക്കുമ്പോൾ സ്റ്റേഡിയത്തിൽ കാണികളുണ്ടാകില്ല. ക്വാർട്ടർ മുതൽ പോർച്ചുഗലിലെ ലിസ്ബണിൽ മിനി ടൂർണമെന്റ് മാതൃകയിൽ അവശേഷിച്ച ഏഴു മത്സരങ്ങൾ നടക്കും.
Content Highlights: 144 days Interval uefa Champions League is back
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..