Photo: twitter.com|KeralaBlasters
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ സീസണിന് തുടക്കമിട്ട് ഡ്യുറാന്‍ഡ് കപ്പിന് കൊല്‍ക്കത്തയില്‍ ഞായറാഴ്ച കിക്കോഫ്. ഉദ്ഘാടനമത്സരത്തില്‍ മുഹമ്മദന്‍സ് ഇന്ത്യന്‍ എയര്‍ഫോഴ്സിനെ നേരിടും. വൈകുന്നേരം 4.15-ന് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
കേരളത്തില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം എഫ്.സി., ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എന്നിവ കളിക്കുന്നുണ്ട്. അഞ്ച് ഐ.എസ്.എല്‍. ക്ലബ്ബുകളടക്കം 16 ടീമുകളാണ് 130-ാം എഡിഷന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ടുസ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. സാള്‍ട്ട്ലേക്ക് അടക്കം മൂന്ന് സ്റ്റേഡിയങ്ങളിലാണ് മത്സരം. കാണികള്‍ക്ക് ഭാഗികമായി അനുമതിയുണ്ട്. ഫൈനല്‍ ഒക്ടോബര്‍ മൂന്നിനാണ്. ജേതാക്കള്‍ക്ക് 40 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. റണ്ണറപ്പിന് 20 ലക്ഷവും സെമിഫൈനലിലെത്തിയവര്ക്ക് അഞ്ചുലക്ഷംവീതവും ലഭിക്കും.
പുതിയ സീസണിനുള്ള മുന്നൊരുക്കമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റിനെ കാണുന്നത്. സെര്‍ബിയന്‍ പരിശീലകന് ഇവാന് വുകോമാനോവിച്ചിന്റെ കീഴിലാണ് ടീം ഇറങ്ങുന്നത്. വിദേശതാരങ്ങളായ എനെസ് സിപോവിച്ച്, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, ചെഞ്ചോ ഗെല്‍ഷന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് സിയില്‍ സെപ്റ്റംബര്‍ 11-ന് ഇന്ത്യന്‍ നേവിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. അടിമുടി മാറിയ ടീമുമായാണ് ടൂര്‍ണമെന്റിനെത്തുന്നത്. ഐ ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിച്ച വിസെന്‍സോ അന്നീസതന്നെയാണ് പരിശീലകന്റെ റോളില്‍. മികച്ച വിദേശതാരങ്ങളാണ് ടീമിന്റെ കരുത്ത്. നൈജീരിയന്‍ സ്ട്രൈക്കര്‍ ചിസ്സോം എല്‍വിസ് ചിക്കത്താര, ഘാന താരം റഹീം ഒസുമാനു, കാമറൂണ്‍ പ്രതിരോധനിരതാരം അമിനു ബൗബ എന്നിവര്‍ ടീമിലുണ്ട്. അഫ്ഗാന്‍താരം മുഹമ്മദ് ഷെരീഫാണ് ടീമിനെ നയിക്കുന്നത്. സെപ്റ്റംബര്‍ 12ന് ആര്‍മി റെഡ് ടീമിനെതിരേയാണ് ഗോകുലത്തിന്റെ ആദ്യകളി.
പങ്കെടുക്കുന്ന ടീമുകള്‍
ഗ്രൂപ്പ് എ- ബെംഗളൂരു യുണൈറ്റഡ്, സി.ആര്.പി.എഫ്., മുഹമ്മദന്‍സ്, ഇന്ത്യന്‍ എയര്‍ഫോഴ്സ്
ഗ്രൂപ്പ് ബി- ആര്‍മി ഗ്രീന്‍, എഫ്.സി. ഗോവ, ജംഷേദ്പുര്‍ എഫ്.സി., സുദേവ ഡല്‍ഹി
ഗ്രൂപ്പ് സി- ബെംഗളൂരു എഫ്.സി., ഡല്‍ഹി എഫ്.സി., ഇന്ത്യന്‍ നേവി, കേരള ബ്ലാസ്റ്റേഴ്സ്
ഗ്രൂപ്പ് ഡി- അസം റൈഫിള്‍സ്, ആര്‍മി റെഡ്, ഗോകുലം കേരള, ഹൈദരാബാദ് എഫ്.സി.
Content Highlights: 130 th edition of Durand Cup, Kerala Blasters Gokulam Kerala FC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..