കൂട്ടുകാര്‍ സ്‌നേഹത്തോടെ 'പൊപോയെ'യെന്ന്‌ വിളിക്കുന്ന ഇരുപത്തിയാറുകാരന്‍ യുസ്‌വേന്ദ്ര ചാഹല്‍ ഒരൊറ്റ രാത്രി കൊണ്ടാണ്  ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായി മാറിയത്. ഹരിയാനയില്‍ നിന്ന് ലെഗ്‌ബ്രേക്ക് ഗൂഗ്ലിയുമായി വന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി ചാഹല്‍ കളിയിലെ താരമായി. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ചാഹല്‍ നേടിയ ആറു വിക്കറ്റ് ടിട്വന്റിയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ്. ലോകക്രിക്കറ്റില്‍ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനവും. ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസ് മാത്രമാണ് ഇക്കാര്യത്തില്‍ ചാഹലിന് മുന്നിലുള്ളത്.

ബൗളിങ്ങിലെ വേരിയേഷനിലൂടെ ബാറ്റ്‌സ്മാനെ വട്ടംകറക്കുന്ന ചാഹല്‍ ഒന്നാന്തരമൊരു ചെസ്സ് താരമാണെന്ന കാര്യം പലര്‍ക്കുമറിയില്ല. 1990 ജൂലായ് 23ന് ഹരിയാനയിലെ ജിന്‍ഡില്‍ ജനിച്ച യൂസ്വേന്ദ്ര ചാഹല്‍ ഏഴാം വയസ്സുമുതലാണ് ചെസ് കളിച്ചുതുടങ്ങിയത്. സ്‌കൂള്‍ കാലത്ത് ചെസ്സ് കളിച്ചു വളര്‍ന്ന ചാഹല്‍ അണ്ടര്‍-12 ദേശീയ ചാമ്പ്യനായിരുന്നു. ഗ്രീസില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഈ ഹരിയാനക്കാരന്‍ ഇന്ത്യക്കായി കരുക്കള്‍ നീക്കി. 

സ്പോണ്‍സറെ കിട്ടാതായതോടെയാണ് ചെസ് ബോര്‍ഡിലെ 64 കളങ്ങള്‍വിട്ട് ക്രിക്കറ്റിന്റെ ഒറ്റക്കളത്തിലേക്ക് ചാഹല്‍ ഇറങ്ങിയത്. പരീക്ഷണം പാളിയില്ല. 2009 കുച് ബിഹാര്‍ ട്രോഫിയില്‍ 34 വിക്കറ്റുകളാണ് ഈ ലെഗ്‌സ്പിന്നര്‍ വീഴ്ത്തിയത്.  2013 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാംഗ്ലൂരിനെതിരെ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി ചാഹല്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. 2014ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയതോടെയാണ് ചാഹലിന്റെ തലവര തെളിയുന്നത്. ബാംഗ്ലൂര്‍ ബൗളിങ് കോച്ചായ ഡാനിയല്‍ വെട്ടോറിയോടൊപ്പമുള്ള പരിശീലനം ചാഹലിന് പുതിയ ഊര്‍ജം പകര്‍ന്നു.

chahal

ചതുരംഗക്കളത്തിലെ കരുനീക്കങ്ങള്‍ ഗ്രൗണ്ടിലും നടപ്പാക്കിയിടത്താണ് ചാഹലിന്റെ വിജയം. ബാറ്റ്‌സ്മാന്‍ കണക്കു കൂട്ടുന്നതിനേക്കാള്‍ ഒരുപടി മുന്നില്‍ കടന്ന് ചിന്തിക്കാന്‍ ചെസ്സാണ് ഇന്ത്യന്‍ താരത്തെ സഹായിച്ചത്. ബാറ്റ്‌സ്മാന്‍ ഒരു പഴുതും നല്‍കാതെ സിക്‌സിലേക്ക് പന്ത് പായിക്കുമ്പോള്‍ ശാന്തമായി നിന്ന് കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാന്‍ കഴിയുന്നത് ചെസ്സ നല്‍കിയ അനുഭവ പാഠങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ്. ചുറ്റമുള്ള ബഹളങ്ങളില്‍ മുങ്ങാതെ ബൗള്‍ ചെയ്യുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നത് ചെസ്സില്‍ ലഭിച്ച പരിശീലനമാണെന്നും ചാഹല്‍ പറയുന്നു. 

ന്യൂബോളെടുക്കുമ്പോളും മധ്യ ഓവറുകളിലും പന്തെറിയാന്‍ ഒട്ടും മടി കാണിക്കാത്തതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ചാഹലിനോടുള്ള ഇഷ്ടത്തിന് കാരണം. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി കളിക്കുമ്പോള്‍ ഏതു സന്ദര്‍ഭത്തിലും ബൗള്‍ ചെയ്യാന്‍ പറഞ്ഞാലും ചാഹല്‍ പറ്റില്ല എന്ന് പറയാറില്ലെന്ന് കോലി പറയുന്നു. 

ടീം ഇന്ത്യയുടെ വിജയാഘോഷം

ഇന്ത്യന്‍ ജഴ്‌സിയില്‍ എട്ടാമത്തെ മത്സരം കളിച്ച ചാഹലിന്റെ ടീമിലേക്കുള്ള വരവ് തന്നെ വളരെ നാടകീയമായിരുന്നു. ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരായ ആര്‍.അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമമനുവദിച്ചതോടെയാണ് ചാഹലിന് നറുക്കു വീണത്. ലഭിച്ച അവസരം ചാഹല്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഒപ്പം മറ്റു താരങ്ങളുടെ നിഴലില്‍ നിന്ന് പുറത്തു കടക്കാനും ഈ ഒരൊറ്റ ഇന്നിങ്‌സിലൂടെ ചാഹലിന് കഴിഞ്ഞു. 2011 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ പലപ്പോഴും ഹര്‍ഭജന്‍ സിങ്ങിന് പിറകിലായിരുന്നു ചാഹലിന്റെ സ്ഥാനം. ഇനി ഹരിയാന ടീമിനെയെടുത്ത് നോക്കിയാലും ക്യാപ്റ്റന്‍ അമിത് മിശ്രയും ജയന്ത് യാദവും കഴിഞ്ഞിട്ട് മാത്രമേ ചാഹലിന് പരിഗണന ലഭിച്ചിരുന്നുള്ളൂ.