krishnanarayanan
ഫോട്ടോ: കെ.ബി.സതീഷ്‌കുമാര്‍

2011-ല്‍ ഒരു നാല് വയസുകാരന്റെ ക്രിക്കറ്റ് പാടവത്തെക്കുറിച്ച് യൂട്യൂബില്‍ ഹിറ്റായ വീഡിയോയും പത്രങ്ങളില്‍ വന്ന വാര്‍ത്തയും വീണ്ടും കാണാനിടയായതിന്റെ കോരിത്തരിപ്പിലാണ് മലപ്പുറം വള്ളിക്കുന്ന് അത്രപ്പുളിക്കല്‍ വീട്ടിലെത്തിയത്. തനിക്ക് നേരെ വന്ന് പന്തുകളെയെല്ലാം അടിച്ചകറ്റിയ ആ നാലു വയസുകാരന്‍ കൃഷ്ണ നാരായാണന് ഇന്ന് 11 വയസായി. ആറ് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൃഷ്ണനാരായണനെന്ന കൃഷ്ണയെ തേടിയൊരു അന്വേഷണം.

അത്രപ്പുളിക്കല്‍ എന്ന ക്രിക്കറ്റ് ക്യാമ്പ്

അത്രപ്പുളിക്കല്‍ യഥാര്‍ത്ഥത്തില്‍ ഒരു വീട് മാത്രമല്ല. ശരിക്കും ഒരു ക്രിക്കറ്റ് ക്യാമ്പാണ്. ഗേറ്റ് തുറന്ന അകത്തുകയറുമ്പോള്‍ സ്വാഗതംചെയ്യുന്നത് ക്രിക്കറ്റ് ക്യാമ്പിലുണ്ടാകുന്ന ഗ്ലൗസിന്റെയും പാഡിന്റെയും ഗന്ധമാണ്. വീടിന് മുന്നില്‍ തന്നെ വെയിലത്ത് ഉണക്കാന്‍വച്ചിരിക്കുകയാണിവ. ചില മൂലകളില്‍ കുത്തിച്ചാരി ക്രിക്കറ്റ് ബാറ്റുകള്‍. വീടിന്റെ ഇടത് വശത്ത് പരിശീലനത്തിനായി പ്രത്യേകം തയ്യാറാക്കിയ പിച്ചും നെറ്റ്‌സും. എല്ലാറ്റിനും ഉപരി അഞ്ച് വര്‍ഷമായി ജോലി രാജിവെച്ച് പരിശീലനം നല്‍കുന്ന അച്ഛന്‍ രാജേഷ് കുമാര്‍. കൃഷ്ണയ്ക്ക് ബോള്‍ ചെയ്തുനല്‍കാനായി നാട്ടുകാരായ ആറുപേര്‍. ആകെ ഒരു ക്രിക്കറ്റ്മയം. 

തങ്ങള്‍ക്ക് കിട്ടിയ പ്രശംസയും ഉപദേശങ്ങളും മനപ്പാടമാക്കി അതീവ ജാഗ്രതയോടെ ക്രിക്കറ്റുമായി മുന്നോട്ടുപോവുകയാണ് കൃഷ്ണനാരായണനും ഒപ്പം അച്ഛന്‍ രാജേഷ് കുമാറും. കളിക്കാന്‍ പന്തില്ലെന്ന് അറിയിച്ചപ്പോള്‍ യഥാര്‍ഥ ഹാര്‍ഡ്‌ബോള്‍ അയച്ചുനല്‍കി പിന്തുണയുമായി കേരളാ ക്രിക്കറ്റ് അസോസിയേഷനും നാലുവര്‍ഷമായി കൂടെയുണ്ട്.  നേട്ടങ്ങളുടെ പന്തിനെ അതിര്‍ത്തി കടത്താന്‍ ധൈര്യം നല്‍കിയതോ നാലാം വയസില്‍ യൂട്യൂബില്‍ വന്ന ആ വീഡിയോയും. 

ഒന്നൊന്നര ഷോട്ടുകളുമായി കേരളാ ടീമില്‍

krishnanarayanan
കൃഷ്ണ നായരായണന്‍ ക്രിസ് ഗെയ്‌ലിനൊപ്പം

വള്ളിക്കുന്ന് നേറ്റീവ് എ.യു.പി സ്‌കൂളിലെ എഴാംതരം വിദ്യാര്‍ഥിയായ കൃഷ്ണയിപ്പോള്‍ കേരളാതാരമാണ്. ഒന്നര വയസില്‍ ബാറ്റേന്തിയ ഈ അത്ഭുത താരം കഴിഞ്ഞ അണ്ടര്‍-14 ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനെതിരെ 74(189)റണ്‍സടിക്കുകയുംചെയ്തു. കോഴിക്കോട് ജില്ലാ ടീമംഗമായിരിക്കെ 50.77 ബാറ്റിങ് ശരാശരിയില്‍ 457 റണ്‍സാണ് 13 ഇന്നിങ്ങ്‌സില്‍ നിന്നും അടിച്ചെടുത്തത്. അതില്‍ നാലെണ്ണം നോട്ട് ഔട്ടുമാണ്.

2015-ല്‍ കോഴിക്കോട് ജില്ലാ സി-ഡിവിഷന്‍ മത്സരത്തില്‍ കെന്റ് ടീമിനുവേണ്ടി 47 പന്തില്‍ 30 റണ്‍സെടുത്ത് മത്സരം ജയിപ്പിച്ച കളി കൃഷ്ണയെ കോഴിക്കോട് ജില്ലാ എ ഡിവിഷനിലേക്കും അവിടെ നിന്ന് കേരളാ ടീമിലുംവരെയെത്തിച്ചു. കളിയോടൊപ്പം പഠനവും മികച്ചരീതിയില്‍ കൊണ്ടുപോകാനും കൃഷ്ണന്‍ അതീവ ശ്രദ്ധാലുവാണ്. സച്ചിന്‍ ആരാധകനായ കൃഷ്ണയുടെ ഇഷ്ട ഷോട്ട് കവര്‍ ഡ്രൈവുകളാണ്.

ജ്യേഷ്ഠനൊപ്പം അനിയനും ഹിറ്റ്

ജ്യേഷ്ഠന്‍ കൃഷ്ണനാരായണനെപ്പോലെ ആറു വയസുകാരനായ അനിയന്‍ ദേവനാരായണനും കളിക്കമ്പക്കാരനാണ്. 'കൃഷ്ണനാണ് മികച്ച കളിക്കാരനെന്നാണ് താന്‍ മനസിലാക്കിയിരുന്നതെന്നും എന്നാല്‍ ദേവന്റെ പ്രകടനത്തിന്റെ വീഡിയോ കണ്ട് നിങ്ങള്‍ തീരുമാനിക്കൂ ആരാണ് മികച്ചവന്‍' എന്നാണ് വെസ്റ്റ് ഇന്‍ഡീസ് താരം റിച്ചി റിച്ചാര്‍ഡ്‌സണ്ണിന്റെ ഫെയ്‌സ്ബുക്ക് കമന്റ്. കോലി ആരാധകനായ ദേവന്‍ ഓള്‍റൗണ്ടറാണ്.  ഭാവി ലക്ഷ്യംവച്ച് എന്നും പ്ലാസ്റ്റിക് ബോളില്‍ വീട്ടിലെ നെറ്റ്‌സില്‍ പരിശീലിക്കുകയാണ് ഈ കുട്ടിതാരം. 

ദേവനാരായണന്റെ ബാറ്റിങ്‌

അച്ഛന്റെ ഉദ്യമത്തെ പിന്തുണച്ച് ക്രിക്കറ്റ് ലോകം

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അച്ഛന്‍ രാജേഷ്‌കുമാര്‍ തന്റെ ജോലി രാജിവെച്ചാണ് മകന്റെ ക്രിക്കറ്റിനൊപ്പം നില്‍ക്കുന്നത്. തനിക്ക് ആകാന്‍പറ്റാത്തതൊക്കെ മകനിലൂടെ നേടുകയാണ് രാജേഷ്. അതിന് കൂട്ടിന് വീട്ടുകാരും നാട്ടുകാരും ക്രിക്കറ്റ് ലോകവുംമുണ്ട്. അമ്മ ജിജി മൂന്നിയൂര്‍ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്കാണ്. പരിശീലകന്‍ ബിജു ജോര്‍ജ്ജാണ് അച്ഛനെയും മകന്റെയും പിന്തുണക്കുന്നവരില്‍ മുമ്പന്‍.
 
'കൃഷ്ണ നല്ല നിലവാരമുള്ള കളിക്കാരനാണ്. അവന്‍ 150 ശതമാനം ഇന്ത്യക്കായി കളിക്കും' എന്നാണ് സഞ്ജു സാംസണിന്റെ കോച്ചുകൂടിയായ ബിജു ജോര്‍ജിന്റെ അഭിപ്രായം. കെ.സി.എ വൈസ് പ്രസിഡന്റ് രജിത്ത് രാജേന്ദ്രന്‍, ടി.സി മാത്യു, കെ.സി.എ അംഗമായ കൃഷ്ണപ്രസാദ്, എസ്.ഹരിദാസ്, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ചന്ദ്രന്‍ എന്നിവരും തങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്നുണ്ടെന്നും അച്ഛന്‍ രാജേഷ് പറയുന്നു. എ ഡിവിഷന്‍ ക്ലബ്ബായ റെയില്‍വ്യൂവില്‍ കളിക്കുമ്പോഴും കേരള അണ്ടര്‍-16 ടീമും ഇന്ത്യയുടെ നീലജേഴ്‌സിയുമാണ് ഈ അച്ഛന്റെയും മകന്റെയും കണ്ണില്‍.