Photo: PTI
കായിക രംഗത്തെ പരമോന്നതമായ നേട്ടം ഏതെന്ന് ചോദിച്ചാല്‍ രണ്ട് ദശകത്തിലധികം കാലം രാജ്യത്തിനകത്തും പുറത്തും അരങ്ങേറിയ ഒട്ടേറെ കായിക മത്സരങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തുകയും കായിക താരങ്ങളുമായി സംസാരിക്കുകയും ചെയ്ത സ്പോര്‍ട്സ് ലേഖകനെന്ന നിലയില്‍ ഞാന്‍ പറയും, ഒളിമ്പിക് മെഡലുകളാണെന്ന്. എന്റെ സ്പോര്‍ട്സ് ജേണലിസം കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യ ഒളിമ്പിക് മെഡലുകള്‍ നേടുകയെന്നത് അത്യപൂര്‍വ സംഭവമായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക് മെഡലുകള്‍ നേടുന്നത് കാണുവാന്‍ ഏറെ കൊതിച്ചിരുന്നു. അമേരിക്കയും ചൈനയും മെഡലുകള്‍ വാരിക്കൂട്ടൂമ്പോള്‍ നമ്മുക്കത് അപ്രാപ്യമാണെന്ന് കരുതി നെടുവീര്‍പ്പിടാനായിരുന്നു വിധി. 2004-ലെ ആതന്‍സ് ഒളിമ്പിക്സാണ് നമ്മുടെ മെഡല്‍ വരള്‍ച്ചക്ക് വിരാമമിട്ടത്. പിന്നീടങ്ങോട്ട് നടന്ന എല്ലാ ഒളിമ്പികിസ് ഗെയിംസുകളിലും ഇന്ത്യ ഒന്നിലധികം മെഡലുകള്‍ നേടി.
ഇത്രയും പറഞ്ഞത് ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒളിമ്പിക് മെഡലുകളുടെ മഹത്വം എത്ര വലുതാണെന്നും മെഡല്‍ ജേതാക്കള്‍ ഏത് വിധത്തില്‍ ആദരിക്കപ്പെടേണ്ടതുണ്ടെന്നും സൂചിപ്പിക്കാനാണ്. പക്ഷെ, വിലയേറിയ ഒളിമ്പിക് മെഡലുകള്‍ ഇന്ത്യക്കായി വിയര്‍പ്പൊഴുക്കി നേടിയ രണ്ടു താരങ്ങള്‍ രാജ്യ തലസ്ഥാനത്തെ പൊള്ളുന്ന ചൂടില്‍ വെയിലത്തിറങ്ങി ഇരിക്കാന്‍ തുടങ്ങിട്ട് ദിവസങ്ങളായി. ഒളിമ്പിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്കും ഭജ്റംഗ് പുണിയയും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേത്രിയായ വിനേഷ് ഫോഗട്ടും ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളാണ് ഡല്‍ഹിയില്‍ സമരരംഗത്തുള്ളത്. അവരുടെ ആവശ്യം വളരെ ലളിതമാണ്.
ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനും ഭരണകക്ഷിയായ ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ നടപടി വേണം. അതായത് അവരുടെ കുഞ്ഞനിയത്തിമാരുടെ മാനത്തിന് വിലപറഞ്ഞ സ്ത്രീ ലമ്പടന് ശിക്ഷ ഉറപ്പാക്കണം. ആ ആവശ്യം പോലീസും ഭരണകൂടവും മുഖവിലക്കെടുക്കാതെ വന്നപ്പോഴാണ് സാക്ഷിക്കും വിനേഷിനുമെല്ലാം തെരുവിലിറങ്ങേണ്ടി വന്നത്. ഈ രോദനങ്ങള്‍ക്ക് മുന്നില്‍ ഭരണകൂടം ബധിരരായപ്പോള്‍ രാജ്യത്തിന് വേണ്ടി നേടിയ വിലയേറിയ പതക്കങ്ങള്‍ നദിയിലൊഴുക്കി കളയാന്‍ വരെ അവര്‍ തുനിഞ്ഞു. കക്ഷിരാഷട്രീയത്തിന്റെ പകിട കളിയില്‍ മുഴുകിയിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികള്‍ എന്നിട്ടും മൗനം പാലിക്കുന്നു. മാത്രമല്ല സമര രംഗത്തുള്ള നമ്മുടെ പ്രിയ താരങ്ങളെ കുറ്റപ്പെടുത്താനും തുനിയുന്നു. അവരെ തെരുവിലൂടെ വലിച്ചിഴക്കുന്നു, ഭിഷണിപ്പെടുത്തുന്നു, കേസ്സെടുക്കുന്നു...
മെഡലുകള്‍ നേടി വരുന്ന താരങ്ങള്‍ക്കൊപ്പെം ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യാനും മറ്റുള്ളവര്‍ കേള്‍ക്കേ ബേട്ടായെന്നും ബേട്ടിയെന്നും വിളിച്ച് അവരുടെ നേട്ടത്തിന്റെ പങ്കുപറ്റാനും ശ്രമിക്കുന്ന പ്രജാപതികളുടെ കാപട്യം നമുക്ക് മനസ്സിലാക്കാം. അധികാരം നേടാനായി ഏത് വേഷവും കെട്ടാന്‍ മടിയില്ലാത്ത ചാണക്യവിശാരദന്‍മാരാണവര്‍.
പക്ഷെ, മറ്റൊരു കൂട്ടരുടെ മൗനം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. ഞാനുള്‍പ്പെടെയുള്ള കായികപ്രേമികള്‍ ഹൃദയത്തില്‍ വെച്ചാരാധിച്ചിരുന്ന താരങ്ങളാണവര്‍. അവരുടെ ഓരോ ഗോളിനും റണ്ണിനും ഓട്ടത്തിനും ചാട്ടത്തിനും സ്മാഷിനും ആര്‍ത്തു വിളിച്ചു കൊണ്ടിരുന്നവരാണ് നമ്മള്‍. അവര്‍ വളര്‍ന്നു വലുതായതും ലോകത്തിന് മുന്നില്‍ പ്രഭചോരിഞ്ഞ് തലയുയര്‍ത്തി നിന്നതും നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കി കൊടുത്ത പടവുകള്‍ കയറിയാണ്. അവരെ ഇപ്പോഴും നമ്മള്‍ സ്നേഹിക്കുന്നു, ആരാധിക്കുന്നു.
പക്ഷെ അവരുടെ സഹപോരാളികള്‍ കൊള്ളുന്ന വെയില്‍, കേള്‍ക്കുന്ന ഭര്‍സനങ്ങള്‍, സഹിക്കുന്ന അപമാനങ്ങള്‍ അവരെ വേദനിപ്പിക്കുന്നില്ലെന്ന് അറിയുമ്പോള്‍ നമ്മുടെ തല കുനിഞ്ഞു പോവുന്നു. കപില്‍ ദേവ്, സാനിയ മിര്‍സ, അനില്‍ കുംബ്ലെ... ഇങ്ങനെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് ഞങ്ങളുടെ പ്രിയ പോരാളികളായ സാക്ഷി മാലിക്കിനും കൂട്ടുകാര്‍ക്കും വേണ്ടി പരസ്യമായി രംഗത്തു വന്നത്. മറ്റുള്ളവരില്‍ ചിലരെങ്കിലും രഹസ്യമായി സഹതപിക്കുന്നുണ്ടാവാം. പക്ഷെ പ്രിയതാരങ്ങളേ, ഞങ്ങള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വീരോചിതമായ വാക്കുകളാണ്, പ്രവര്‍ത്തിയാണ്. അല്ലാതെ അധികാരികളെ ഭയന്ന് വാലു മടക്കിയുള്ള ഇരിപ്പല്ല. അറിയാം ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പോലീസ്, പട്ടാളം ....തുടങ്ങിയ ആയുധങ്ങളെ നിങ്ങള്‍ ഭയക്കുന്നുണ്ടാവും. നമ്മുടെ രാജ്യത്തെ പതിവിപ്പോള്‍ അതല്ലേ? എങ്കിലും ഒരിക്കല്‍ കൂടി നിങ്ങളുടെ നായക വേഷം കാണാന്‍ ഞങ്ങള്‍ ആരാധകര്‍ കൊതിച്ചു പോവുന്നു.
വാല്‍ക്കഷണം: മഹാരാഷ്ട്ര സര്‍ക്കാര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചിരിയുടെ അംബാസിഡറായി നിയമിച്ചത്രെ. ചിരിക്കാന്‍ പറ്റിയ സമയം.
Content Highlights: Wrestlers' protest: The story so far
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..